ചെന്നൈ|
jibin|
Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2016 (19:15 IST)
വ്യക്തമായ പ്ലാനിംഗ് നടത്തിയവരാണ് സേലത്ത് നിന്നും ചെന്നൈയിലേക്ക് പോയ ട്രെയിനിൽ നിന്നും കവര്‍ച്ച നടത്തിയതെന്ന് വ്യക്തം. വിവിധ ബാങ്കുകളിൽ നിന്ന് ശേഖരിച്ച പഴകിയതും കേടു വന്നതുമായ 342 കോടി രൂപ കൊള്ളയടിക്കപ്പെട്ടത്. സേലം എക്സ്പ്രസിലാണ് സിനിമയെ വെല്ലുന്ന സംഭവം അരങ്ങേറിയത്.
ചൊവ്വാഴ്‌ച പുലർച്ചെ ചരക്ക് ട്രെയിൻ ചെന്നൈ എഗ്‌മോർ സ്‌റ്റേഷനിലെത്തിയപ്പോഴാണ് മോഷണ വിവരം അധികൃതർ അറിയുന്നത്. 228 പെട്ടികളിലായി സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്. അഞ്ചു ബാങ്കുകളിലേക്കാണ് പണം കൊണ്ടുവന്നത്. പണം സൂക്ഷിച്ച പെട്ടികൾ ബോഗിയിൽ ഉണ്ടായിരുന്നു. പെട്ടികളിൽ രണ്ടെണ്ണം കേടുവരുത്തിയ നിലയിലായിരുന്നു.
ട്രെയിനിന്റെ ബോഗിയുടെ മേൽഭാഗത്ത് വലിയൊരു ദ്വാരം ഉണ്ടാക്കിയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. ഏത് സ്‌റ്റേഷനില്‍ വച്ചാണ് അക്രമികള്‍ ട്രെയിനില്‍ കയറിയതെന്ന് വ്യക്തമല്ല. പണം കൊണ്ടു പോകുന്ന വിവരം വ്യക്തമായി അറിയാവുന്ന ആരോ മോഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്.
കൃത്യമായ ദൂരം കണക്കാക്കിയാണ് മോഷണം നടന്നിരിക്കുന്നത്. ട്രെയിന്‍ ഉള്‍ പ്രദേശങ്ങളിലൂടെ കടന്നു പോയ സമയം മുകളിലേക്ക് കയറുകയും പ്രത്യേക ഉപകരണം ഉപയോഗിച്ച് മേല്‍ഭാഗത്ത് ഒരാള്‍ക്ക് അകത്തേക്ക് പ്രവേശിക്കാന്‍ കഴിയുന്ന തരത്തില്‍ ദ്വാരമുണ്ടാക്കുകയും അതിലൂടെ ഉള്ളിലേക്ക് ഇറങ്ങുകയുമായിരുന്നു. രണ്ടു പേര്‍ ബോഗിക്കുള്ളില്‍ കടന്നതായിട്ടാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഇവര്‍ പണം അപഹരിച്ച ശേഷം ഒരോ പോയിന്റുകളില്‍ നിന്നവര്‍ക്ക് എറിഞ്ഞു നല്‍കുകയുമായിരുന്നുവെന്നാണ് സൂചനകള്‍.
ഓടുന്ന ട്രെയിനിന് മുകളില്‍ കയറി ദ്വാരമുണ്ടാക്കി ഇത്രയും പണം അപഹരിക്കണമെങ്കില്‍ സംഭവത്തിന് പിന്നില്‍ അഞ്ചോളം പേര്‍ ഉണ്ടായിരിക്കുമെന്നാണ് നിഗമനം. ഇവര്‍ വ്യക്തമായി എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ബാങ്കിന്റെ പരാതിയെ തുടർന്ന് തമിഴ്നാട് പൊലീസും റെയിൽവെ പൊലീസും അന്വേഷണം ആരംഭിച്ചു. കാർഗോ ട്രെയിൻ ആയതിനാൽ തന്നെ റെയിൽവെ പൊലീസിന്റെ അധികാരപരിധിയിലാണ് വരുന്നത്. അവർ കേസ് രജിസ്‌റ്റർ ചെയ്തിട്ടുണ്ട്.