എടിഎം കവർച്ചയ്ക്ക് പിന്നിൽ രാജ്യാന്തര സംഘം; തട്ടിപ്പുകാരെ തേടി അന്വേഷണ സംഘം മുംബൈയിലേക്ക്

റോബിൻ ഹുഡ് തന്നെ; പിന്നിൽ രാജ്യാന്തര കൈകൾ

തിരുവനന്തപുരം| aparna shaji| Last Modified ചൊവ്വ, 9 ഓഗസ്റ്റ് 2016 (09:42 IST)
തലസ്ഥാനത്ത് നടന്ന വന്‍ എടിഎം കൊള്ളയുടെ പിന്നിൽ രാജ്യാന്തര സംഘമെന്ന് പൊലീസ്. മൂന്ന് വിദേശികളടങ്ങുന്ന സംഘത്തിന്റെ ദൃശ്യം പൊലീസിന് ലഭിച്ചു. എ ടി എമ്മിൽ സ്ഥാപിച്ചിരിക്കുന്ന സി സി ടി വി ക്യാമറയിലാണ് കൊള്ള സംഘത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇതിനായി ഐ ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയാണ് നിയമിച്ചിരിക്കുന്നത്. സൈബർ വിദഗ്ധർ അടങ്ങുന്ന പ്രത്യേക സംഘം മുംബൈയിലേക്ക് തിരിച്ചിരിക്കുകയാണ്. സംഘത്തിന്റെ ദൃശ്യങ്ങ‌ൾ അല്ലാതെ മറ്റു കൂടുതൽ വിവരങ്ങൾ ഒന്നും പൊലിസിന് ലഭിച്ചിട്ടില്ല. എങ്കിലും ഇവർ തന്നെയാണ് തട്ടിപ്പിന് പുറകിൽ എന്ന് പൊലീസിന് വ്യക്തമായിരിക്കുകയാണ്.

അതേസമയം, ഏകദേശം നാൽപ്പതോളം ആളുകൾ ഇതിനോടകം പണം നഷ്ടപ്പെട്ടതായി പരാതി നൽകിയിട്ടുണ്ട്. പരാതിക്കാരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് സൂചന. സംഭവം വ്യക്തമായതോടെ എടിഎമ്മിന്റെ പാസ്‌വേഡ് മാറ്റാൻ ഐ ജി നിർദേശിച്ചിരുന്നു.

ഏറെ നാളത്തെ തയ്യാറെടുപ്പിന് ശേഷമാണ് വ്യാപകമായ മോഷണം നടന്നിരിക്കുന്നത്. എ ടി എമ്മില്‍ ഒരു പ്രത്യേകതരം ഉപകരണം ഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. ഈ ഉപകരണത്തിനുള്ളില്‍ ഏറ്റവും ആധുനികവും വലിയ ക്ലാരിറ്റിയോടെ സൂം ചെയ്ത് പകര്‍ത്താന്‍ കഴിവുള്ളതുമായ ക്യാമറയാണ് ഒളിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ എ ടി എം മെഷീനില്‍ പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യുമ്പോള്‍ അത് വ്യക്തതയോടെ ഫോട്ടോയെടുത്ത് സൂക്ഷിക്കുകയും ഉപകരണം സ്ഥാപിച്ചവര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യുകയാണ് ഈ ഉപകരണം ചെയ്തുകൊണ്ടിരുന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :