ന്യൂഡല്‍ഹി|
aparna shaji|
Last Modified ചൊവ്വ, 7 ഫെബ്രുവരി 2017 (09:01 IST)
മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് അധ്യക്ഷനുമായിരുന്ന ഇ അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും അഭ്യൂഹങ്ങൾ നിലനിൽക്കുകയാണ്. അദ്ദേഹത്തിന്റെ നാഡിമിടിപ്പ് നിലച്ചിട്ടും പിറ്റേന്ന് പുലര്‍ച്ചവരെ ആശുപത്രിയില്‍ കിടത്തിയത് വിദഗ്ധ ചികിത്സക്കാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നത്. എന്നാൽ ഈ വാദം പൊളിഞ്ഞു.
രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ഹൃദയാഘാതമുണ്ടായവരെ കിടത്തുന്ന കാര്‍ഡിയാക് ഐ സി യുവില്‍ അഹമ്മദിനെ പ്രവേശിപ്പിച്ചില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. മാത്രമല്ല, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചക്കുശേഷം ട്രോമ ഐ സി യുവില്‍ കിടത്തുകയായിരുന്നു അദ്ദേഹത്തെ.
വി ഐ പികളെയും വി വി ഐ പികളെയും പ്രവേശിപ്പിക്കാറുള്ള രാം മനോഹര്‍ ലോഹ്യ ആശുപത്രി നഴ്സിങ് ഹോമിലെ ഐ സി യുവിലേക്കായിരുന്നു ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണ അഹമ്മദിനെ പാര്‍ലമെന്‍റില്‍നിന്ന് കൊണ്ടുപോയത്. നഴ്സിങ് ഹോമിന്റെ ചുമതലയുള്ള മുതിര്‍ന്ന ഡോക്ടര്‍, കാര്‍ഡിയാക് വിഭാഗം തലവന്‍, അനസ്തേഷ്യ വിഭാഗം തലവന്‍ എന്നിവര്‍ക്കായിരുന്നു ചികിത്സാ ചുമതല.
ഐ സിയുവിൽ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിച്ച ശേഷമായിരുന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആശുപത്രിയിലത്തെിയത്. അഹമ്മദിനോടൊപ്പം ആശുപത്രിയിലേക്ക് എത്തിയ മുഴുവന്‍ എം പിമാരെയും ഐ സി യുവിനടുത്തുള്ള മുറിയിലാക്കി വാതിലടച്ച് മേധാവിയുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഈ ചര്‍ച്ചക്കുശേഷമാണ് അതുവരെ തീവ്രപരിചരണം നല്‍കിയിരുന്ന നഴ്സിങ് ഹോം ഐ സി യുവില്‍നിന്ന് അഹമ്മദിനെ മാറ്റിയത്.