ആരോപണത്തിന് മറുപടിയുമായി അത്‌ലറ്റിക് ഫെഡറേഷന്‍: ജയ്ഷ പറഞ്ഞത് കള്ളം; തങ്ങള്‍ നല്‍കിയ എനര്‍ജി ഡ്രിങ്ക് ജെയ്ഷയും കോച്ചും വേണ്ടെന്നുവയ്ക്കുകയായിരുന്നു

ജയ്ഷയുടെ പരാതിയില്‍ വാസ്തവമില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍

ന്യൂഡല്‍ഹി| PRIYANKA| Last Updated: ചൊവ്വ, 23 ഓഗസ്റ്റ് 2016 (09:04 IST)
ഒളിമ്പിക് മാരത്തണിനിടെ വെള്ളം നല്‍കിയില്ലെന്ന മലയാളി താരം ഒപി ജെയ്ഷയുടെ ആരോപണത്തിനെതിരെ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് രംഗത്തെത്തി. ജെയ്ഷ ഉന്നയിച്ചത് മുഴുവന്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് ഫെഡറേഷന്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. തങ്ങള്‍ നല്‍കിയ എനര്‍ജി ഡ്രിങ്ക് ജയ്ഷയും കോച്ചും വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന് ഫെഡറേഷന്‍ പറഞ്ഞു.

42 കിലോമീറ്റര്‍ ഓട്ടത്തിനിടെ ഓരോ രണ്ടര കിലോമീറ്റര്‍ പൂര്‍ത്തിയാക്കുമ്പോഴും ഓരോ രാജ്യങ്ങളും തങ്ങളുടെ മത്സരാര്‍ത്ഥികള്‍ക്കായി വെള്ളവും ഗ്ലൂക്കോസും എനര്‍ജി ജെല്ലുമെല്ലാം തയ്യാറാക്കി വച്ചിരുന്നുവെന്നും എന്നാല്‍, ഇന്ത്യന്‍ ഡെസ്‌ക്കുകളില്‍ രാജ്യത്തിന്റെ പേരും ദേശീയ പതാകയുമല്ലാതെ ഒരു തുള്ളി വെള്ളം പോലുമുണ്ടായിരുന്നില്ലെന്ന് ജെയ്ഷ പറഞ്ഞു. ഓരോ എട്ട് കിലോ മീറ്ററിലും മാത്രമാണ് സംഘാടക സമിതിയുടെ കുടിവെള്ള കൗണ്ടറുകള്‍ ഉള്ളത്. ഫിനിഷിംഗ് പോയന്റില്‍ തളര്‍ന്ന് വീണപ്പോള്‍ ഇന്ത്യന്‍ ഡോക്ടറോ മെഡിക്കല്‍ സംഘമോ ഉണ്ടായിരുന്നില്ലെന്നും ജയ്ഷ കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഫെഡറേഷന്‍ നിഷേധിച്ചു. മാരത്തണ്‍ നടക്കുന്ന വഴിയില്‍ സംഘാടകര്‍ ഓരോ രണ്ടര കിലോമീറ്ററിലും കുടിവെള്ള കൗണ്ടറുകള്‍ സ്ഥാപിച്ചിരുന്നു. ജയ്ഷയ്ക്കും കവിത റൗട്ടിനും ആവശ്യമുള്ള നെര്‍ജി ഡ്രിങ്ക് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് മത്സരത്തിന്റെ തലേന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ അവരുടെ മുറിയില്‍ പോയിരുന്നു. എന്നാല്‍ ഡയ്ഷയും കവിതയും കോച്ചും എനര്‍ജി ഡ്രിങ്ക് വേണ്ടെന്ന് പറഞ്ഞു.

തങ്ങള്‍ക്ക് വ്യക്തിപരമായി വേറെ പാനിയങ്ങളൊന്നും ആവശ്യമില്ലെന്നും വേണമെങ്കില്‍ സംഘാടകര്‍ നല്‍കുന്ന വെള്ളം കുടിച്ചോളാം എന്നുമാണ് ഇരുവരും പറഞ്ഞത്. ഇതിനു മുമ്പും ജയ്ഷ ഇതു പോലെ എനര്‍ജി ഡ്രിങ്ക് നിഷേധിച്ചിരുന്നു. ഇന്ത്യയുടെ പുരുഷ മാരത്തണ്‍ ഓട്ടക്കാര്‍ത്ത് സ്വന്തമായി വെള്ളം വേണമെന്ന് അവരുടെ കോച്ച് സുരേന്ദര്‍ സിങ് ആവശ്യപ്പെടുകയും ഫെഡറേഷന്‍ അത് ലഭ്യമാക്കുകയും ചെയ്തിരുന്നുവെന്നും ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :