ന്യൂഡൽഹി|
സജിത്ത്|
Last Modified ഞായര്‍, 18 ഡിസംബര്‍ 2016 (09:40 IST)
അസാധുവാക്കിയ കറന്‍സി നോട്ടുകളെല്ലാം തിരികെ പ്രചാരത്തിലെത്തില്ല. 15.44 ലക്ഷം കോടി രൂപക്കുള്ള 500, 1000 രൂപ നോട്ടുകളാണ് അസാധുവാക്കിയത്. നാണയരഹിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ചുവടുവെപ്പെന്നോണം പിൻവലിച്ച നോട്ടുകളിൽ ഒരുപങ്ക് ഡിജിറ്റല്‍ പണമിടപാട് രീതിയിലേക്ക് മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നു ധനമന്ത്രി അരുൺ ജയ്റ്റ്‌ലി അറിയിച്ചു.
പണഞെരുക്കം സര്‍ക്കാറിനും ജനത്തിനും മുന്നില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. എന്നാല്‍ നോട്ട് അസാധുവാക്കിയ നടപടി ധീരമായ പ്രവര്‍ത്തിയാണെന്നും പിൻവലിച്ച പണമെല്ലാം വീണ്ടും അച്ചടിച്ചെത്തിച്ചാൽ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനു പിന്നിലെ യഥാർഥ ലക്ഷ്യം നേടാന്‍ കഴിയില്ലെന്നും വ്യവസായ സമൂഹമായ ഫിക്കിയുടെ വാർഷിക യോഗത്തിൽ പങ്കെടുക്കവെ ജയ്റ്റ്‌ലി വ്യക്തമാക്കി.
എഴുപതാണ്ടായി നിലനിന്നിരുന്ന നാണയ സമ്പദ്‌വ്യവസ്ഥയിൽ നിന്നും നമ്മുടെ രാജ്യം അടുത്ത ഘട്ടത്തിലേക്കു ചുവടുവയ്ക്കുകയാണ്. നികുതി വെട്ടിപ്പും കള്ളപ്പണവും തടയുന്നതിൽ നിർണായക ചുവടുവയ്പാണു സർക്കാർ സ്വീകരിച്ചത്. എല്ലാ ദിവസവും റിസർവ് ബാങ്ക് പുതിയ നോട്ടുകൾ വിപണിയിലെത്തിക്കുന്നുണ്ട്. നോട്ടു പിൻവലിച്ചതിനു ശേഷം ഡിജിറ്റൽ പണമിടപാടുകൾ വൻതോതിൽ വർധിച്ചുവെന്നും ജയ്റ്റ്‌ലി പറഞ്ഞു.