Rahul Gandhi: റായ് ബറേലിയില്‍ ജയിച്ചാല്‍ വയനാട് ഉപേക്ഷിക്കും? ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാന്‍ ധാരണ

അതേസമയം റായ് ബറേലിയിലും വയനാട്ടിലും ജയിച്ചാല്‍ രാഹുല്‍ ഒരു മണ്ഡലം ഉപേക്ഷിക്കേണ്ടി വരും

Rahul Gandhi
രേണുക വേണു| Last Modified വെള്ളി, 3 മെയ് 2024 (09:26 IST)
Rahul Gandhi

Rahul Gandhi: വയനാടിനു പുറമേ ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ നിന്നും ജനവിധി തേടാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും രാഹുല്‍ രണ്ട് മണ്ഡലങ്ങളില്‍ ജനവിധി തേടിയിരുന്നു. വയനാട്ടില്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചപ്പോള്‍ അമേത്തിയില്‍ ബിജെപിയുടെ സ്മൃതി ഇറാനിയോട് തോറ്റു. ഇത്തവണയും വയനാടിനൊപ്പം അമേത്തിയിലും മത്സരിക്കണമെന്ന് എഐസിസി ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ വിസമ്മതിച്ചു. ഇതേ തുടര്‍ന്നാണ് രാഹുല്‍ റായ് ബറേലിയിലേക്ക് മാറിയത്.

അതേസമയം റായ് ബറേലിയിലും വയനാട്ടിലും ജയിച്ചാല്‍ രാഹുല്‍ ഒരു മണ്ഡലം ഉപേക്ഷിക്കേണ്ടി വരും. അത് ഏതായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വമോ രാഹുലോ വെളിപ്പെടുത്തിയിട്ടില്ല. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് മണ്ഡലങ്ങളിലും ജയിച്ചാല്‍ രാഹുല്‍ റായ് ബറേലിയായിരിക്കും ഉപേക്ഷിക്കുക. വയനാട് ഉപേക്ഷിക്കില്ലെന്ന ഉപാധിയിലാണ് റായ് ബറേലിയില്‍ മത്സരിക്കാന്‍ രാഹുല്‍ തയ്യാറായതെന്നും വാര്‍ത്തകളുണ്ട്.

രാഹുല്‍ റായ് ബറേലി ഉപേക്ഷിച്ചാല്‍ അവിടെ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. അങ്ങനെ വന്നാല്‍ പ്രിയങ്ക ഗാന്ധിയെ റായ് ബറേലിയില്‍ മത്സരിപ്പിക്കാമെന്നാണ് കോണ്‍ഗ്രസിനുള്ളില്‍ ധാരണയായിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് താല്‍പര്യമെന്നും പ്രിയങ്ക നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം റായ് ബറേലിയില്‍ ഉപതിരഞ്ഞെടുപ്പ് വന്നാല്‍ പ്രിയങ്ക സ്ഥാനാര്‍ഥിയാകാന്‍ സമ്മതിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :