അഭിറാം മനോഹർ|
Last Modified വ്യാഴം, 2 മെയ് 2024 (19:36 IST)
കര്‍ണാടകയിലെ ജെഡിഎസ് നേതാവ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗികാരോപണത്തില്‍ ബിജെപിക്കും നരേന്ദ്രമോദിക്കുമെതിരെ രൂക്ഷവിമര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്ന ഒരു കുറ്റവാളിക്ക് വേണ്ടിയാണ് മോദിയും ബിജെപിയും വോട്ട് ചോദിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. പ്രജ്വല്‍ ദേവണ്ണയെ പിന്തുണച്ചതിന് മോദി ജനങ്ങളോട് മാപ്പ് പറയണമെന്നും രാഹുല്‍ പറയുന്നു. കര്‍ണാടകയിലെ ശിവമോഗയില്‍ നടന്ന തിരെഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ഒരാള്‍ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് ചോദിക്കുന്നത്. പ്രജ്വല്‍ ദേവണ്ണ നാനൂറോളം സ്ത്രീകളെയാണ് ബലാത്സംഗം ചെയ്യുകയും അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത്. ഇയാള്‍ക്ക് വോട്ട് ചെയ്യണമെന്നാണ് മോദി പറയുന്നത്. പ്രജ്വല്‍ ദേവണ്ണ ജര്‍മനിയിലേക്ക് രക്ഷപ്പെടുന്നത് മോദി തടഞ്ഞില്ല. എല്ലാ സന്നാഹങ്ങളും ഉണ്ടായിട്ടും അയാളെ ഇന്ത്യ വിടാന്‍ അനുവദിച്ചു. ഇതാണ് മോദിയുടെ ഗ്യാരണ്ടി. ഇന്ത്യയിലെ എല്ലാ സ്ത്രീകളെയും മോദി അപമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് ബിജെപി നേതാക്കളും രാജ്യത്തെ എല്ലാ സ്ത്രീകളോടും മാപ്പ് പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.