വയനാട് സ്ഥാനാര്‍ഥിത്വം ദേശീയ രാഷ്ട്രീയത്തില്‍ നിന്നുള്ള രാഹുലിന്റെ ഒളിച്ചോട്ടമോ? വിജയസാധ്യത ഇല്ലാഞ്ഞിട്ടും കെ സുരേന്ദ്രന്‍ മത്സരിക്കാനിറങ്ങിയത് എന്തുകൊണ്ട്?

Rahul Gandhi
Rahul Gandhi
അഭിറാം മനോഹർ| Last Modified വെള്ളി, 10 മെയ് 2024 (17:06 IST)
2024ലെ ലോകസഭാ തിരെഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട പോളിംഗും അവസാനിച്ചിരിക്കുകയാണ്. ബിജെപി ഇത്തവണയും അധികാരത്തിലെത്തുമെന്നാണ് ഒരുവിധം എല്ലാ മാധ്യമങ്ങളും തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 10 വര്‍ഷക്കാലമായി ഭരണത്തിലുണ്ടെങ്കിലും ബിജെപിക്കെതിരെ കാര്യമായ ഭരണവിരുദ്ധവികാരം കൊണ്ടുവരാന്‍ കോണ്‍ഗ്രസിനായിട്ടില്ല. ബിജെപിയാണെങ്കില്‍ അവരുടെ തിരെഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ടയടക്കം പൂര്‍ത്തിയാക്കി ഇത്തവണ കൂടുതല്‍ സീറ്റുകളാണ് ദേശീയതലത്തില്‍ പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ഇക്കുറി അക്കൗണ്ട് തുറക്കുമെന്ന് മാത്രമല്ല ഇരട്ടയക്കത്തിലേക്ക് അത് കടക്കുമെന്ന് പല ദേശീയ നേതാക്കളും അഭിപ്രായപ്പെടുന്നുണ്ട്.


ഹിന്ദുത്വരാഷ്ട്രീയവുമായി ദേശീയ തലത്തില്‍ ബിജെപി കൂടുതല്‍ ശക്തി നേടുമ്പോഴും അവര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുവാന്‍ കോണ്‍ഗ്രസ് പരാജയമാകുന്ന കാഴ്ചയാണ് നിലവില്‍ കാണുന്നത്. കോണ്‍ഗ്രസിന്റെ പ്രധാനനേതാക്കളില്‍ ഒരാളായ രാഹുല്‍ ഗാന്ധി റായ് ബറേലിയില്‍ നിന്നും ഇക്കുറി മത്സരിക്കുന്നുണ്ടെങ്കിലും വയനാട് എന്ന ഒരു സുരക്ഷിത മണ്ഡലവും എം പി ആവുന്നതിനായി തിരെഞ്ഞെടുത്തിട്ടുണ്ട്. റായ് ബറേലിയിലെ തോല്‍വി ഭയന്നാണ് ഈ പ്ലാന്‍ ബിയെന്നും റായ് ബറേലിയില്‍ വിജയിച്ചാല്‍ രാഹുല്‍ വയനാടിനെ കൈവിടുമെന്നും ബിജെപി പറയുന്നു.


ഇത്തരത്തില്‍ ബിജെപിക്ക് പോലും വയനാട് രാഹുല്‍ ഗാന്ധി വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും ഇക്കുറി വയനാട്ടില്‍ രാഹുലിന്റെ എതിര്‍ സ്ഥാനാര്‍ഥിയായി നില്‍ക്കുന്നത് ബിജെപിയുടെ കേരളത്തിലെ സംസ്ഥാന സെക്രട്ടറിയായ കെ സുരേന്ദ്രനാണ്. 2014ലെ തെരെഞ്ഞെടുപ്പില്‍ ബിഡിജെഎസ് ആയിരുന്നു രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നത്. ദേശീയ തലത്തില്‍ ഇതുപക്ഷേ രാഹുലിനെതിരെ ബിജെപി മത്സരിക്കുന്നില്ല എന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. ഇത്തവണ അത് മറികടക്കുവാന്‍ കൂടി ലക്ഷ്യമിട്ടാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായ കെ സുരേന്ദ്രനെ തന്നെ പാര്‍ട്ടി രംഗത്തിറക്കിയിരിക്കുന്നത്.


വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ വിജയം സുനിശ്ചിതമാണെങ്കിലും രാഹുലിന് എതിരായി ശക്തനായ ഒരു എതിരാളി വരുമ്പോള്‍ ബിജെപിയുടെ വോട്ട് വിഹിതത്തില്‍ വര്‍ധനവുണ്ടാകുമെന്ന് ബിജെപി കണക്കാക്കുന്നു. എന്നാല്‍ തെരെഞ്ഞെടുപ്പിന് മുന്‍പായി കെ സുരേന്ദ്രന്‍ വയനാട്ടില്‍ നിന്നും താന്‍ വിജയിക്കുകയാണെങ്കില്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടമാക്കുമെന്ന പ്രസ്താവന ബിജെപിക്ക് തിരിച്ചടിയായിട്ടുണ്ട്. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ മുസ്ലീം ലീഗിന്റെ കൊടി സമ്മേളനങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ബിജെപി ദേശീയ തലത്തില്‍ ചര്‍ച്ചയാക്കിയിരുന്നു. പാകിസ്ഥാന്‍ കൊടിയോട് സാമ്യമുള്ളതാണ് മുസ്ലീം ലീഗിന്റെ കൊടി എന്നതായിരുന്നു ഇതിന് കാരണം. അതിനാല്‍ തന്നെ ഇത്തവണ പ്രചാരണസമയങ്ങളില്‍ ഇത്തരം കൊടികള്‍ വരാതിരിക്കാന്‍ രാഹുല്‍ ശ്രദ്ധ നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :