ന്യൂഡൽഹി|
അഭിറാം മനോഹർ|
Last Modified ശനി, 6 ജൂണ്‍ 2020 (12:57 IST)
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ നേരിടാൻ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ
ലോക്ക്ഡൗൺ സമ്പൂർണ്ണ പരാജയമായിരുന്നുവെന്ന് ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.ലോക്ക്ഡൗണിനും അണ്‍ലോക്ക് കാലയളവിനും ഇടയില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ രോഗവ്യാപനതോതുമായി താരതമ്യപ്പെടുത്തിയുള്ള ഗ്രാഫ് ട്വീറ്റ് ചെയ്‌തുകൊണ്ടാണ് രാഹുൽ കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചത്.
സ്‌പെയിന്‍, ജര്‍മനി, ഇറ്റലി, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലെ കോവിഡ് കേസുകളുമായി താരതമ്യപ്പെടുത്തിയാണ് രാഹുലിന്റെ ട്വീറ്റ്. മറ്റ് നാല് രാജ്യങ്ങളിൽ ലോക്ക്ഡൗൺ കാലത്ത് റിപോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുറഞ്ഞെന്നും എന്നാൽ ഇന്ത്യയിൽ ദിനംപ്രതി കേസുകൾ കൂടുകയാണ് ചെയ്‌തതെന്നും രാഹുൽ പറഞ്ഞു.ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കാനുള്ള തീരുമാനങ്ങള്‍ വരുമ്പോഴും കോവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനവാണെന്നും രാഹുൽ ട്വീറ്റിൽ പറയുന്നു.
കൃത്യമായ തയ്യാറെടുപ്പുകൾ ഇല്ലാതെ നടത്തിയ ലോക്ക്ഡൗണിനെതിരെ നേരത്തെയും രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു.നിലവിൽ 2.36 ലക്ഷം പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.മരണസംഖ്യ 7000 അടുക്കുകയും ചെയ്‌തു.