വിചാരണത്തടവുകാരെ കേന്ദ്രസര്‍ക്കാര്‍ മോചിപ്പിക്കാനൊരുങ്ങുന്നു

തടവുകാര്‍, കേന്ദ്രസര്‍ക്കാര്‍, മോചനം
ന്യൂഡല്‍ഹി| VISHNU.NL| Last Modified തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (10:56 IST)
ഏറെ വര്‍ഷങ്ങളായി വിചാരണ കാത്ത് കഴിയുന്ന തടവുകാരെ വിട്ടയക്കാനുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു. കുറ്റവാളിയാണെന്ന് കണ്ടെത്തുകയായിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന ശിക്ഷയുടെ പകുതി കാലം അഴിക്കുള്ളില്‍ കഴിഞ്ഞവരെയാണ് അവരുടെ വിചാരണയുടെ പുരോഗതി പോലും പരിഗണിക്കാതെ വിട്ടയയ്ക്കുക.

ഇതൊടെ നിരപരാധികളടക്കമുള്ള ലക്ഷക്കണക്കിന് വിചാരണത്തടവുകാരുടെ മോചനത്തിനുള്ള വഴിതെളിഞ്ഞു. ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റം ചെയ്തവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല. രാജ്യത്തേ ജയിലുകളില്‍ ഭൂരിഭാഗവും വിചാരണത്തടവുകാരാണ് എന്നതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നടപടികളുമായി മുന്നോട്ട് പോകുന്നത്.

മോഡി സര്‍ക്കാരിന്റെ ആദ്യ വര്‍ഷം തന്നെ നടപ്പിലാക്കണമെന്ന് നിശ്ചയിച്ചിരുന്ന ഈ പദ്ധതി നീതിന്യായ രംഗത്തേ പരിഷ്കരണത്തിന് മുന്നോടിയായാണ് നടപ്പിലാക്കുക. നിയമ മന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും കൈകോര്‍ത്താണ് സുപ്രധാനമായ ഈ നടപടിക്ക് തയ്യാറെടുക്കുന്നത്.

രാജ്യത്തെ വിവിധയിടങ്ങളിലെ ജയിലുകളിലുള്ള 3.81 തടവുകാരില്‍ 2.54 ലക്ഷം പേരും വിചാരണ തടവുകാരാണെന്നാണ് കണക്കാക്കപ്പെടുന്നത്. മൊത്തം തടവുകാരുടെ മൂന്നില്‍ രണ്ടു ഭാഗം വരുമിത്. ഇവരില്‍ പലരും തങ്ങള്‍ക്ക് ലഭിക്കാവുന്ന തടവുശിക്ഷയേക്കാള്‍ കൂടുതല്‍ തടവറയില്‍ കഴിയേണ്ടി വന്നവരാണ്.

ഇവരുടെ മോചനത്തിനായി വിചാരണ തടവുകാരുടെ കാര്യം പുനപ്പരിശോധിക്കാനാവാശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തെഴുതും. ക്രിമിനല്‍ നടപടി ചട്ടം 436 എ വകുപ്പു പ്രകാരം ലഭിക്കാവുന്ന് ശിക്ഷയുടെ പാതിക്കാലം പൂര്‍ത്തിയാക്കിയാല്‍ അവര്‍ക്ക് മോചനം നല്‍കാന്‍ വ്യവസ്ഥയുണ്ട്. ഈ ചട്ടപ്രകാരം വിചാരണത്തടവുകാര്‍ക്ക് മോചനമൊരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.

ക്രിമിനല്‍ നടപടി ചട്ടത്തില്‍ ഈ വകുപ്പ് ചേര്‍ത്തതിനു ശേഷം എല്ലാ ജില്ലകളിലും വിചാരണ തടവുകാരുടെ കാര്യം പരിഗണിക്കുന്നതിന് പുനപ്പരിശോധനാ സമിതികള്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഹൈക്കോടതികള്‍ക്കും അറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴും പല സംസ്ഥാനങ്ങളിലും ഇത്തരം സമിതികള്‍ തുടങ്ങിയിട്ടില്ല.

ജയിലുകള്‍ തിങ്ങി നിറയുന്നത് ഒഴിവാക്കാനും നിസാര കേസുകളില്‍ അകത്തായി കാലങ്ങളോളം തടവില്‍ കഴിയേണ്ടി വന്നവരുടെ മോചനം വേഗത്തിലാക്കാനും ഉദ്ദേശിച്ച് സമിതി ഓരോ മൂന്ന് മാസത്തെ ഇടവേളകളില്‍ ഈ സമിതി യോഗം ചേരേണ്ടതും നിര്‍ബന്ധമായിരുന്നു. ജില്ലാ ജഡ്ജി അധ്യക്ഷനായ സമിതിയില്‍ ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സുപ്രണ്ടും അംഗങ്ങളായിരിക്കും.

സമിതികളുടെ പ്രവര്‍ത്തനത്തേപ്പറ്റി കേന്ദ്രം ഉടന്തന്നെ സംസ്ഥാനങ്ങളോട് വിശദീകരണം ആവശ്യപ്പെടും. സമിതികള്‍ തുടങ്ങിയിട്ടില്ലാത്ത ജില്ലകളില്‍ അവ എത്രയും പെട്ടെന്ന് ആരംഭിക്കാന്‍ അതാത് സംസ്ഥാനത്തേ ഹൈക്കോടതികളോടും സംസ്ഥാന സര്‍ക്കാരുകളൊടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടും.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :