‘അശ്ലീല വെബ്‌സൈറ്റുകള്‍ തടയാന്‍ സംവിധാനങ്ങള്‍ തേടണം’

ന്യൂഡല്‍ഹി| Last Modified ശനി, 30 ഓഗസ്റ്റ് 2014 (08:54 IST)
അശ്ലീല വെബ്‌സൈറ്റുകള്‍ തടയാനുള്ള സംവിധാനങ്ങള്‍ തേടണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. അശ്ലീല വെബ്‌സൈറ്റുകള്‍ തടയാനുള്ള നടപടികള്‍ ഫലപ്രദമാകുന്നില്ലെന്നും ഒരു സൈറ്റ് തടയുമ്പോള്‍ മറ്റൊന്ന് രൂപപ്പെടുകയാണെന്നും സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍,​ ഇന്റര്‍നെറ്റിലെ അശ്ലീലം തടയാന്‍ എന്തെങ്കിലും സംവിധാനം കണ്ടെത്തേണ്ടതുണ്ടെന്നും നിയമത്തിന്റെയും സാങ്കേതികവിദ്യയുടെയുംകൂട്ടായ ശ്രമമാണ് ഇതിനു വേണ്ടതെന്നും ചീഫ് ജസ്റ്റിസ് ആര്‍എം ലോധ അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.

ഇത്തരം സൈറ്റുകളെ തടയാന്‍ നിയമങ്ങള്‍ നിലവിലുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമത്തെക്കാള്‍ വേഗത്തില്‍ മുന്നേറുകയാണ്. നിയമം സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിനനുസരിച്ച് നീങ്ങേണ്ടതുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു.

അശ്ലീല വെബ്‌സൈറ്റുകളുടെ സര്‍വറുകള്‍ വിദേശത്തായതിനാല്‍ കേന്ദ്രസര്‍ക്കാരിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ പരിമിതിയുണ്ട്. രാജ്യത്തുള്ള ചില രഹസ്യ
സെര്‍വറുകള്‍ കണ്ടെത്തുന്നതും നിയന്ത്രിക്കുന്നതും ദുഷ്കരമാണ്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരം അശ്ലീല വെബ്‌സൈറ്റുകളെ നിയന്ത്രിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് ആറാഴ്‌ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുമ്പോള്‍ സമിതിയുടെ കൂടുതല്‍ വിലയിരുത്തലുകള്‍ അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :