മുംബൈ|
Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (18:48 IST)
പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടു പോകുമ്പോള്‍ മരിച്ചയാള്‍ എഴുന്നേറ്റു. മുംബൈയിലാണ് വിചിത്ര സംഭവമുണ്ടായി. മുംബൈ സുലോചന ഷെട്ടിമാര്‍ഗ്ഗ് ബസ് സ്‌റ്റേഷനില്‍ ഒരു യുവാവ് അബോധാവസ്ഥയില്‍ കുഴഞ്ഞു വീണു. തുടര്‍ന്ന് പോലീസിന്റെ പട്രോളിംഗ് ടീം ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിച്ച യുവാവിന്റെ പള്‍സ് നോക്കി ആള്‍ മരിച്ചുവെന്ന് ഡോക്ടര്‍ പറയുകയായിരുന്നു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച് രണ്ടു മണിക്കൂറെങ്കിലും നിരീക്ഷിയ്ക്കണം എന്ന നടപടിക്രമം പോലും പാലിയ്ക്കാതെയാണ് ഡോക്ടര്‍മാര്‍ യുവാവ് മരിച്ചുവെന്നും മോര്‍ച്ചറിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടത്. ശരീരത്തിന് മുകളില്‍ വെള്ള തുണി വിരിച്ച് അത്യാഹിത വാര്‍ഡ് ഡയറിയില്‍ മരണം രേഖപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് സ്റ്റാഫുകള്‍ മോര്‍ച്ചറിയിലേക്ക് യുവാവിന്റെ ശരീരം സ്‌ട്രെച്ചറില്‍ കൊണ്ടു പോകുമ്പോള്‍ മരിച്ചയാള്‍ ശ്വസിയ്ക്കുന്നത് കാണുകയുമായിരുന്നു. ഉടന്‍ തന്നെ ഇവര്‍ വിവരം ഡോക്ടറെ അറിയിച്ചു. ഡോക്ടര്‍ മോര്‍ച്ചറിയില്‍ എത്തി യുവാവിനെ പരിശോധിച്ചു. ഇതിനിടയില്‍ മരിച്ചുവെന്ന് എഴുതിയ രേഖകളെല്ലാം ഡോക്ടര്‍ കീറിക്കളയുകയും ചെയ്തു. പിന്നീട് ഇയാളെ ഇഎന്‍ടി വിഭാഗത്തിലേക്ക് മാറ്റി. ഈ സമയത്ത് അപകടമരണം രജിസ്റ്റര്‍ ചെയ്തുള്ള റിപ്പോര്‍ട്ട് വാങ്ങാന്‍ പോലീസും എത്തിയിരുന്നു. എന്നാല്‍ മരിച്ചയാള്‍ ജീവനോടെയുണ്ടെന്നും ചികിത്സയയ്ക്കായി അയച്ചെന്നും കേട്ടപ്പോള്‍ അവരും ഞെട്ടി. സംഭവത്തിന് ഉത്തരവാദികളായവരെ കേസെടുക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.