ന്യൂഡല്‍ഹി|
jibin|
Last Updated:
തിങ്കള്‍, 6 ജൂലൈ 2015 (14:25 IST)
മധ്യപ്രദേശിലെ നിയമന അഴിമതിയായ വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട് വീണ്ടും ദുരൂഹ മരണം. പൊലീസ് ഇന്‍സ്‌പെക്ടര്‍ ട്രെയിനിയായ അനാമിക കുശ്‌വാഹയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തടാകത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരിയില്‍ സെലക്ഷന്‍നേടിയ അവര്‍ സാഗര്‍ പൊലീസ് അക്കാദമി ഹോസ്റ്റലിലായിരുന്നു താമസം. മരണത്തില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.
48 മണിക്കൂറിനുള്ളില്‍ ഈ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന മൂന്നാമത്തെ മരണമാണ് അനാമികയുടേത്. അനാമികക്ക് ജോലി ലഭിച്ചത് വ്യാപം പ്രവേശന തട്ടിപ്പിലൂടെയാണന്ന് നേരത്തേ ആക്ഷേപമുണ്ടായിരുന്നു. ഇതുവരെ കേസിലെ പ്രതികളോ സാക്ഷികളോ ആയ 46 പേരാണ് അനാമികയുടെ മരണത്തോടെ ദുരൂഹമായി മരിച്ചിരിക്കുന്നത്. നേരത്തെ ഇതേ കേസില്‍ രണ്ടു പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജബല്‍പുരിലെ നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കല്‍കോളേജ് ഡീന്‍ ഡോ അരുണ്‍ ശര്‍മയെ ഞായറാഴ്ചയും മാധ്യമപ്രവര്‍ത്തകന്‍ അക്ഷയ് സിംഗിനെ ശനിയാഴ്ചയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (വ്യാവസായിക് പരീക്ഷാ മണ്ഡല്‍) ഏതാണ്ട് ആറുവര്‍ഷമായി കോഴ്‌സുകളിലേക്കും ജോലികളിലേക്കുമായി നടത്തിയ വിവിധ പ്രവേശനപ്പരീക്ഷകളില്‍ നടത്തിയ ക്രമക്കേടുകളാണ് വ്യാപം അഴിമതി. ഇതിന്റെ ചരിത്രം 2007ല്‍ തുടങ്ങുന്നു. 2013ല്‍ മാത്രമാണ് ഇതിന്റെ ചില വിശദാംശങ്ങള്‍ പുറത്തുവന്നതും അന്വേഷണം തുടങ്ങിയതും. 2000 കോടിയിലേറെ രൂപയാണ് കൈക്കൂലിയായി നല്‍കപ്പെട്ടതെന്ന് കണ്ടെത്തി. രണ്ടായിരത്തോളം പേരെ അറസ്റ്റുചെയ്തു. എഴുനൂറോളം പേര്‍ക്കായി തിരച്ചില്‍ നടക്കുന്നു.
പരീക്ഷ പോലും നടത്താതെ പല തസ്തികകളിലേക്കും നിയമനങ്ങള്‍ നടത്തിയതായും ആരോപണമുണ്ട്. നിയമനങ്ങളില്‍ ഇടപെട്ടു എന്നാരോപിച്ച് ഗവര്‍ണര്‍ രാം നരേശ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ അന്വേഷണസംഘം കേസെടുത്തിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനും മന്ത്രിമാരും കുഭകോണത്തില്‍ ഉള്‍പ്പെട്ടതായി ആരോപണം നേരിടുന്നുണ്ട്.