മയിന്‍പുരി|
jibin|
Last Modified ശനി, 10 ഒക്‌ടോബര്‍ 2015 (09:08 IST)
ഉത്തര്‍പ്രദേശിലെ മയിന്‍പുരിയില്‍ പശുവിനെ അറുത്തെന്ന ഊഹാപോഹത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സംഘര്‍ഷത്തില്‍ നാട്ടുകാര്‍ പൊലീസ് ജീപ്പും നിരവധി വാഹനങ്ങളും അഗ്നിക്കിരയാക്കി. പശുവിനെ കൊന്ന് തൊലിയുരിഞ്ഞെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ ജനക്കൂട്ടം മര്‍ദ്ദിച്ച് അവശനാക്കി. ഇവര്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച ആഗ്രയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ മെയിന്‍പുരിയിലാണ് സംഭവം. നാലു യുവാക്കൾ ചേർന്ന് ഗ്രാമത്തിലെ വയലില്‍ മേഞ്ഞുകൊണ്ടിരുന്ന പശുവിനെ കടത്തിക്കൊണ്ടു പോയി കൊന്നു തൊലിയുരിക്കുന്നതു കണ്ടെന്ന വാര്‍ത്ത പരന്നതോടെ. ജനക്കൂട്ടം സംഘടിച്ചെത്തുകയായിരുന്നു. രണ്ടു യുവാക്കള്‍ ഓടി രക്ഷപ്പെട്ടുവെങ്കിലും റഫഖ്, ലാല എന്നീ യുവാക്കള്‍ പിടിയിലാകുകയായിരുന്നു. ഒരു വീട്ടില്‍ നിന്നും തോലുരിച്ച നിലയില്‍ പശുയിറച്ചി കണ്ടത്തെിയതോടെ സംഘര്‍ഷങ്ങള്‍ മൂര്‍ഛിക്കുകയായിരുന്നു.
എന്നാൽ അതു ചത്ത പശുവായിരുന്നെന്നും തൊലിയുരിച്ചെടുക്കാൻ പശുവിന്റെ ഉടമ അനുവദിച്ചതിനെ തുടർന്നാണ് യുവാക്കൾ അതിന് ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. ആരോപണത്തിന്റെ പേരില്‍ യുവാക്കള്‍ക്കെതിരെ കേസ് എടുക്കാന്‍ കഴിയില്ലെന്നും ജനക്കൂട്ട്ം പിരിഞ്ഞു പോകണമെന്നും പൊലീസ് പറഞ്ഞതോടെ സംഘടിച്ചെത്തിയവര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. പൊലീസിന്റെ നേര്‍ക്കും ആക്രമണം ഉണ്ടായി. രണ്ടു പൊലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ആള്‍ക്കൂട്ടം കടകള്‍ക്ക് തീയിട്ടു. ചിലവീടുകള്‍ തല്ലിത്തകര്‍ത്തു. സംഭവത്തില്‍ ഏഴു പൊലീസുകാര്‍ക്കുള്‍പ്പെടെ എട്ടു പേര്‍ക്ക് പറ്റുക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ടിയര്‍ഗാസ് ഉപയോഗിച്ചു.
പശുവിനെ കൊന്നതാണോ എന്ന് സ്ഥിരീകരിക്കാനായി പോസ്റ്റ് മോര്‍ട്ടത്തിന് നടപടി സ്വീകരിച്ചിരിക്കുകയാണെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് വ്യക്തമാക്കി. പ്രദേശത്ത് സംഘര്‍ഷാവസ്ഥക്ക് അയവു വന്നിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി. സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.