ശ്രീനഗർ|
VISHNU N L|
Last Modified വ്യാഴം, 8 ഒക്‌ടോബര്‍ 2015 (17:31 IST)
ജമ്മു കശ്മീര്‍ പൊലീസിലെ ഏറ്റുമുട്ടല്‍ വിദഗ്ദനും ഹിസ്ബുൾ മുജാഹിദ്ദീന്‍ അടക്കമുള്ള ഭീകരസംഘടനകളുടെ കശ്മീരിലെ പ്രവര്‍ത്തനങ്ങളുടെ നട്ടെല്ല് തകര്‍ക്കാനും മുന്നിട്ടു നിന്ന പൊലീസ് ഓഫീസര്‍
അൽതാഫ് അഹമ്മദ് ധർ കൊല്ലപ്പെട്ടു. വടക്കൻ കശ്മീരിലെ ബന്ദിപോര മേഖലയിൽ തീവ്രവാദികളുമായി നടത്തിയ ഏറ്റുമുട്ടലിലാണ് അൽതാഫ് കൊല്ലപ്പെട്ടത് .
രാജ്യത്തേക്ക് നുഴഞ്ഞ് കയറിയ തീവ്രവാദികളെ പിന്തുടർന്ന് പിടിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം . ഉധംപുര്‍ അക്രമണത്തിലെ മുഖ്യസൂത്രധാരനായ ലഷ്‌കര്‍ ഇ തയ്ബ ഭീകരന്‍ അബു ക്വാസിമിനെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇന്നലെയാണ് അല്‍താഫ് കൊല്ലപ്പെട്ടത്.
ബന്ദിപ്പോര്‍ ജില്ലയിലെ ഗുണ്ട് ദച്ചിനിലെ ഒരു വീട്ടില്‍ ഖാസിം ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് എത്തിയതായിരുന്ന അല്‍താഫും മറ്റ് രണ്ടു പേരും. തിരിച്ചിലിനിടെ ഒരു വാഹനത്തിന് പിന്നില്‍ മറഞ്ഞിരിക്കുകയായിരുന്ന തീവ്രവാദികള്‍ അല്‍താഫിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ ശ്രീനഗറിലെ 92 ബേസ് സൈനിക ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
1998 ലാണ് അല്‍താഫ് കോണ്‍സ്റ്റബിളായി കശ്മീര്‍ പോലീസില്‍ ചേരുന്നത്. നിലവില്‍ ശ്രീനഗറിലെ രാജ്ബാഗ് സ്‌റ്റേഷന്‍ കേന്ദ്രമായി പ്രത്യേക ദൗത്യസംഘം മേധാവിയായി പ്രവര്‍ത്തിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയും മൊബൈല്‍ ഫോണുകളുമുപയോഗിച്ച് തീവ്രവാദികളുടെ നെറ്റ് വര്‍ക്കുകള്‍ കണ്ടെത്തി തകര്‍ക്കുന്നതില്‍ വിദഗ്ധനായ അദ്ദേഹം സൈബര്‍ ബോയ്, അല്‍താഫ് ലാപ്‌ടോപ് എന്നീ പേരുകളിലാണ് കശ്മീര്‍ പോലീസില്‍ അറിയപ്പെടുന്നത്.
2004 മുതലിങ്ങോട്ട് ഹിസ്ബുൾ മുജാഹിദ്ദീന്റെ ഓപ്പറേഷനുകൾ തകർക്കുന്നതിൽ അദ്ദേഹം നിർണായക പങ്കു വഹിച്ചിരുന്നു . ഭീകരസംഘടനയുടെ പ്രധാന കമാൻഡർമാരായ മൊഹമ്മദ് ഗസ്നവി , ഗസി മിസ്ബാഹുദ്ദീൻ , ഡോ. ദാവൂദ് , റായിസ് കച്ചൂർ , പെർവേസ് മുഷറഫ് , ജുനൈദ് ഉൾ ഇസ്ലാം തുടങ്ങിയ നിരവധി ഭീകരരെ പിടികൂടാനോ വധിക്കാനോ കഴിഞ്ഞത് അൽതാഫിന്റെ പ്രവർത്തന ഫലമായാണ് .
അൽതാഫിന്റെ മരണം കശ്മീർ പോലീസിനും രാജ്യത്തിനും കനത്ത നഷ്ടമാണെന്ന് ഉന്നത പോലീസുദ്യോഗസ്ഥർ പറഞ്ഞു.
2010 ൽ വിഘടനവാദി നേതാവ് മസ്രത് ആലമിനെ അറസ്റ്റ് ചെയ്യുന്നതിലും അദ്ദേഹം മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട് . ഹിസ്ബുള്‍ മുജാഹിദ്ദീന്‍ മേധാവി ഉള്‍പ്പെടെ നിരവധി തീവ്രവാദി നേതാക്കളെ ഇല്ലായ്മ ചെയ്തതും അല്‍താഫിന്റെ നേതൃത്വത്തിലാണ്.
പ്രമുഖ ശത്രു എന്ന നിലയില്‍ അല്‍താഫിന്റെ ഫോട്ടോ പാക് അധീനിവേശ കശ്മീരിലെ യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ ഓഫീസിലും പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുെ ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നാണ് ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സികള്‍ പറയുന്നത്.
തെക്കന്‍ കശ്മീരിലെ കുല്‍ഗാം സ്വദേശിയാണ്. ഭാര്യയും നാലും രണ്ടും വയസ്സുള്ള രണ്ടു കുട്ടികളുമുണ്ട്. ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയിദ്, മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തുടങ്ങി നിരവധിപ്പേര്‍ അല്‍താഫിന് ആദരാജ്ഞലിയര്‍പ്പിക്കാനെത്തി.