റാഞ്ചി|
jibin|
Last Modified വ്യാഴം, 14 ജൂലൈ 2016 (20:57 IST)
പട്ടിണി രൂക്ഷമായതിനെ തുടര്‍ന്ന് അമ്മ സ്വന്തം കുഞ്ഞിനെ വിറ്റു. കുഞ്ഞിനെ വിറ്റതില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് അമ്മ ആടുകളെ വാങ്ങുകയും ചെയ്‌തു. ജാർഖണ്ഡിലെ ഒരു ഗ്രാമത്തിലെ ആനോ ബിർഹോർ എന്ന സ്‌ത്രീയാണ് സ്വന്തം മകനെ വിറ്റത്.
ഗ്രാമ മുഖ്യന്റെ കീഴിൽ കയർ നിർമ്മാണ ജോലി ചെയ്‌തിരുന്ന ആനോ ബിർഹോറിന് മൂന്ന് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആറ് മക്കളുണ്ട്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് സാമ്പത്തികമായി തകര്‍ച്ച നേരിട്ട കുടുംബത്തില്‍ പട്ടിണി രൂക്ഷമായതോടെ യുവതി മക്കളില്‍ ഒരാളെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഗ്രാമത്തില്‍ തന്നെയുള്ള കേദാർ സാവു എന്നയാൾക്ക് 2500 രൂപയ്‌ക്കാണ് യുവതി കുഞ്ഞിനെ വിറ്റത്. ഇതുവഴി ലഭിച്ച പണം ഉപയോഗിച്ച് യുവതി രണ്ട് ആടുകളെ വാങ്ങുകയും ചെയ്‌തു. വീട്ടിലെ സാഹചര്യം ഗുരുതരമായതിനാലും മക്കള്‍ക്ക് ഭക്ഷണം നല്‍കാനുള്ള പണം ഇല്ലാതായതോടെയുമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും യുവതി പൊലീസിനോട് പറഞ്ഞു.
മക്കളില്‍ ഒരാളെ വിറ്റ നടപടിയില്‍ സങ്കടമില്ലെന്നും യുവതി വ്യക്തമാക്കി. അതേസമയം, യുവതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.