വെള്ളാപ്പള്ളിയെ കുടുക്കിയ മൈക്രോഫിനാൻസ് കേസ് എന്താണ്?

പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ പിന്‍തുടരുന്ന രാഷ്ട്രങ്ങള്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള ഒരു പ്രധാന തന്ത്രമെന്ന നിലയ്ക്കാണ് ആരംഭത്തില്‍ മൈക്രോഫിനാന്‍സിന്റെ ആവിര്‍ഭാവത്തെ കണ്ടത്. പ്രത്യേകിച്ചും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ചെലവ് വെട

aparna shaji| Last Modified വ്യാഴം, 14 ജൂലൈ 2016 (16:26 IST)
പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ പിന്‍തുടരുന്ന രാഷ്ട്രങ്ങള്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള ഒരു പ്രധാന തന്ത്രമെന്ന നിലയ്ക്കാണ് ആരംഭത്തില്‍ മൈക്രോഫിനാന്‍സിന്റെ ആവിര്‍ഭാവത്തെ കണ്ടത്. പ്രത്യേകിച്ചും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍.

എന്നാൽ, കുറഞ്ഞ തുകയ്ക്ക് ലഭ്യമാകേണ്ട തുക കൂടിയ പലിശയ്ക്ക് നൽകിയെന്ന് ആരോപിച്ചാണ് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയാക്കി എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്വയംസഹായ സംഘങ്ങളെ ആശ്രയിച്ച് ആവിഷ്കരിക്കപ്പെട്ട ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടികളുടെ പരാജയമാണ് എസ്‌ എൻ ഡി പി യോഗത്തിനെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ വളര്‍ച്ചയിലേക്ക് നയിച്ച
പ്രധാന ഘടകം. മൈക്രോഫിനാൻസിന്റെ വളർച്ചയിൽ വൻ വ്യത്യാസമായിരുന്നു ഇത് ഉണ്ടാക്കിയത്. ബാങ്കുകൾക്ക് തകർച്ചയും മൈക്രോഫിനാൻസിന് ഉയർച്ചയും ഉണ്ടായ കാലമായിരുന്നു അത്. ഇതു മുതലെടുത്ത് വായ്പ പലിശ കൂടുതൽ ഈടാക്കി വൻലാഭം കൊയ്യുന്നുവെന്നായിരുന്നു ആരോപണം.

അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനാണ് വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിയിലേക്ക് ആദ്യം തിരിഞ്ഞത്. എന്നാൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി മൈക്രോഫിനാൻസ് കേസ് അന്വേഷിക്കാൻ ഉത്തരവിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് വി എസ് ഹൈക്കോടതിയെ സമീപിച്ചു. മൈക്രോഫിനാന്‍സിന്റെ മറവില്‍ 15 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്നായിരുന്നു വി എസ് നൽകിയ ഹർജി. വി എസിന്റെ ഈ കർക്കശ നിലപാട് വെള്ളാപ്പള്ളിയെ പ്രതിരോധത്തിലാക്കി.

2013-14 കാലാവധിയില്‍ മൈക്രോഫിനാന്‍സില്‍ നടത്തിയ ഇടപാടുകളില്‍ പിന്നാക്ക വികസന കോര്‍പറേഷന്‍ പരിശോധന നടത്തിയിട്ടില്ല. 2003-15 കാലത്ത് പിന്നാക്ക വികസന കോര്‍പറേഷന്‍ മുഖേന കുറഞ്ഞ പലിശയ്ക്ക് വായ്പ എടുക്കുകയും അത് ഉയര്‍ന്ന പലിശ ഈടാക്കി വിതരണം ചെയ്യുകയും, ഇല്ലാത്ത ആളുകളുടെ പേരില്‍ പോലും വായ്പ അനുവദിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.

ചില ദുഷ്ടശക്തികൾ വി എസിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും തനിക്കെതിരെയുള്ള പ്രചരണങ്ങളുടെ നിജസ്ഥിതി തെളിയിക്കുമെന്നും വ്യക്തമാക്കി വെള്ളാപ്പള്ളി രംഗത്തെത്തി. അഞ്ചു പൈസയുടെ തിരിമറി ഇതിൽ നടന്നിട്ടില്ല, സാധാരണക്കാരായ സ്ത്രീകളെ സാമ്പത്തികമായി സഹായിക്കുന്ന പദ്ധതിയാണിത്. എസ് എൻ ഡിപിക്ക് മാത്രമല്ല മറ്റു സമുദായത്തിൽപ്പെട്ടവർക്കും വായ്പകൾ നൽകിയിട്ടുണ്ട്. എന്നാൽ സമുദായം തിരിച്ച് വേട്ടയാടുന്നത് ശരിയല്ല എന്നായിരുന്നു വെള്ളാപ്പള്ളിയുടെ നിലപാട്.

തെറ്റിനെ ചൂണ്ടിക്കാട്ടി തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ ശ്രമിച്ചതോ സമുദായം തിരിച്ച് ഒറ്റയ്ക്ക് വേട്ടയാടിയതോ തെറ്റ് എന്ന് പലരും പരോക്ഷമായും പ്രത്യക്ഷമായും ഉന്നയിച്ചിരുന്നു. വിജിലൻസ് റിപ്പോർട്ടും വെള്ളാപ്പള്ളിക്ക് എതിരായിരുന്നു. 80.3 ലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുമ്പോഴും വെള്ളാപ്പള്ളി തന്റെ നിലപാടിൽ ഉറച്ചുതന്നെ നിൽക്കുകയാണ്.
പക്ഷേ, വി എസിന്റെ ഹർജിയിൽ വെള്ളാപ്പള്ളി ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഇനി ഇതിനെ വെള്ളാപ്പള്ളി എങ്ങനെ പ്രതിരോധിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :