അയോധ്യ വിധി ഇന്ത്യൻ നിയമ ചരിത്രത്തിലെ സുവർണ അധ്യായമെന്ന് പ്രധാനമന്ത്രി

വെബ്‌ദുനിയ ലേഖകൻ| Last Modified ശനി, 9 നവം‌ബര്‍ 2019 (19:30 IST)
ഡൽഹി: അയോധ്യ കേസിലെ വിധി ഇന്ത്യൻ നിയമ ചരിത്രത്തിലെ സ്വർണ അധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യ വിധി വന്നതിന് ശേഷം രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ജനാധിപത്യം എത്രമാത്രം കരുത്തുള്ളതാണെന്ന് ഇന്ന് ലോകം മനസിലാക്കി എന്നും പ്രധാനമത്രി പറഞ്ഞു.

രാജ്യത്തെ ജനങ്ങളെല്ലാം ചേർന്ന് ഒരു സുവർണ അധ്യായം രചിച്ചിരിക്കുകയാണ്. നവ ഇന്ത്യയിൽ ഭയത്തിനോ വിദ്വേഷത്തിനോ സ്ഥാനമില്ല. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഒരു വിഷയത്തിലാണ് സുപ്രീം കോടതി വിധി പ്രസ്ഥാവിച്ചിരിക്കുന്നത്. എല്ലാ മതവിഭഗങ്ങളിൽപ്പെട്ടവരും വിധിയെ പൂർണ മനസോടെയാണ് സ്വീകരിച്ചത്.

സാമൂഹിക ഐക്യത്തെ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ പൌരാണിക സംസ്കാരത്തെയാ‍ണ് വിധിയോടുള്ള പ്രതികരണം സൂചിപ്പിക്കുന്നത്. പ്രതിസന്ധികൾ ഏറിയ വിഷയങ്ങൾക്ക് പോലും ഭരണഘടനയുടെ സൂക്ഷ്മ പരിശോധനയിലൂടെ പരിഹാരം കണ്ടെത്താൻ സാധിക്കും എന്നാണ് അയോധ്യ വിധി തെളിയിച്ചിരിക്കുന്നത്. കോടതിയുടെ നിശ്ചയദാർഢ്യത്തെയും ഇച്ഛാശക്തിയെയും കൂടിയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത് എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :