വെബ്‌ദുനിയ ലേഖകൻ|
Last Updated:
ശനി, 9 നവംബര്‍ 2019 (19:07 IST)
മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയായി പ്രേക്ഷകരെ വിമയിപ്പിച്ചതിന് പിന്നാലെ കേരള മുഖ്യമന്ത്രിയായി അഭിമയിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി. ഇപ്പോഴിതാ പിണറായി വിജയനെ ഓഫീസിലെത്തി സന്ദർശിച്ചിരിക്കുകയാണ് താരം. ‘വൺ‘ എന്ന സിനിമയിലാണ് കടക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രി കഥാപാത്രവുമായി മമ്മൂട്ടി എത്തുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ സമയം കണ്ടെത്തി താരം മുഖ്യമന്ത്രിയെ ഓഫീസിലെത്തി കാണുകയായിരുന്നു.
ഇതോടെ ആരാധകരിൽ നിന്നും ചോദ്യങ്ങളും എത്തി. കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനാകുമോ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. മുഖ്യമന്ത്രിയുടെ രീതികൾ നേരിട്ട് കണ്ട് മനസിലാക്കുന്നതിനാണ് മമ്മൂട്ടി ഓഫീസിലെത്തി പിണറായി വിജയനുമൊത്ത് സമയം ചിലവഴിച്ചത് എന്നാണ് ആരാധകരുടെ പക്ഷം. ഏതായാലും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ച ചിത്രം വലിയ ചർച്ചകൾക്ക് തിരികൊളുത്തിക്കഴിഞ്ഞു.
‘ചിറകൊടിഞ്ഞ കിനാവുകൾ' എന്ന
സിനിമ ഒരുക്കിയ സന്തോഷ് വിശ്വനാഥ് ആണ് രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘വൺ‘ സംവിധാനം ചെയ്യുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമയിൽ മമ്മൂട്ടി വേഷമിടുന്നത്. ഏറെ നാളത്തെ രാഷ്ടീയ പരിചയസമ്പത്തുകൊണ്ട് നിരവധി പദവികൾ വഹിച്ച കടക്കൽ ചന്ദ്രൻ കേരള മുഖ്യമന്ത്രിയാവുന്നതും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. രാഷ്ട്രീയ പശ്ചാത്തലമാണെങ്കിൽകൂടിയും ശക്തമായ കുടുംബ ബന്ധങ്ങളെ കുറിച്ച് പറയുന്ന ചിത്രം കൂടിയായിരിക്കും വൺ.
ജോജു ജോര്‍ജ്, മുരളി ഗോപി, സുദേവ് നായര്‍, നന്ദു, ശ്യാമപ്രസാദ്, ഗായത്രി അരുണ്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നുണ്ട്. നടൻ കൃഷ്ണകുമാറിന്റെ മകൾ ഇഷാനി കൃഷ്ണ വണിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ഇച്ചായീസ് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.