ഇറ്റാനഗര്‍|
priyanka|
Last Modified ഞായര്‍, 17 ജൂലൈ 2016 (14:11 IST)
അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി പെമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇറ്റാനഗറില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തഥാഗത റോയ് സത്യവാചകം ചൊല്ലി കൊടുത്തു. രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമിട്ട സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ചുമതലയേറ്റ മുഖ്യമന്ത്രി നബാംതുക്കി രാജിവെച്ച ഒഴിവിലാണ് പെമ ഖണ്ഡുവിന്റെ സ്ഥാനാരോഹണം.
30 വിമത എംഎല്‍എമാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് നബാം തുക്കിയ മാറ്റി പെമ ഖണ്ഡുവിനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. ഇതുപ്രകാരം ശനിയാഴ്ച പെമ ഖണ്ഡുവിനെ നിയമസഭാകക്ഷി നേതാവായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ തെരഞ്ഞെടുത്തിരുന്നു. മുന്‍ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിന്റെ മകനാണ് 36കാരനായ പെമ ഖണ്ഡു.
ബുധനാഴ്ചയാണ് ചരിത്രപരമായ വിധിയിലൂടെ സുപ്രീംകോടതി അരുണാചല്‍ പ്രദേശിലെ നബാം തുക്കി സര്‍ക്കാറിനെ പുനരവരോധിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മുതലെടുത്ത് കേന്ദ്രസര്‍ക്കാര്‍ നബാം തുക്കി സര്‍ക്കാറിനെ പുറത്താക്കി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. തുടര്‍ന്ന് 30 വിമത എം.എല്‍.എമാരുടെ പിന്തുണയോടെ വിമത നേതാവും മുന്‍ ധനമന്ത്രിയുമായ കലികോ പുളിനെ മുഖ്യമന്ത്രിയാക്കി ബി.ജെ.പി അധികാരം പിടിക്കുകയായിരുന്നു.