ന്യൂഡല്‍ഹി|
VISHNU|
Last Modified വെള്ളി, 11 ജൂലൈ 2014 (15:03 IST)
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനിടെ പാര്‍ലമെനില്‍ പ്രതിപക്ഷ ബഹളം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മുന്‍ ട്രായി മേധാവി നൃപേന്ദ്ര മിശ്രയെ നിയമിക്കുന്നതിനായാണ് ബില്‍ കൊണ്ടുവന്നത്.
നിലവിലെ ട്രായ് നിയമമനുസരിച്ച് ചെയര്‍മാനും മറ്റ് അംഗങ്ങള്‍ക്കും നിയമന കാലാവധി കഴിഞ്ഞാല്‍ പോലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗമാകാന്‍ കഴിയില്ല. ഇത് മറികടക്കുന്നതിനാണ് ബില്‍ കൊണ്ടുവരുന്നത്. ഭേദഗതി കൊണ്ടുവരുന്നതിനെതിരെ കോണ്‍ഗ്രസ്, ഇടത് എംപിമാര്‍ ലോക്സഭയില്‍ പ്രതിഷേധിച്ചു
ഇതേ ഉദ്ദേശത്തോടെ അധികാരമേറ്റ് രണ്ടാം ദിവസം ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയിരുന്നു. അന്നത്തേ ഓര്‍ഡിനന്‍സിനേ നിയമമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതേസമയം, യുപിഎ ഭരണകാലത്ത് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനെ എതിര്‍ത്തവരാണ് ബിജെപി എന്നും അവരാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും കോണ്‍ഗ്രസ് നേതാവ് ഓസ്കര്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.
മിശ്രയെ അല്ല തങ്ങള്‍ എതിര്‍ക്കുന്നതെന്നും ഒരാളെ നിയമിക്കുന്നതിനു മാത്രമായി ഓര്‍ഡിനന്‍സ് ഇറക്കിയതിനെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും ഫെര്‍ണാണ്ടസ് വ്യക്തമാക്കി. എന്നാല്‍
ടെലികോം മേഖലയില്‍ ഏതു നിയമം കൊണ്ടുവരുന്നതിനും സര്‍ക്കാരിന് അവകാശമുണ്ടെന്നും കൃത്യമായ നടപടിക്രമങ്ങള്‍ക്ക് അനുസരിച്ച് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് നിയമമാക്കുകയാണ് ചെയ്യുന്നതെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
അതേസമയം, ബില്‍ ഇന്നു അവതരിപ്പിക്കുമ്പോള്‍ എല്ലാം എംപിമാരും ഹാജരാകണമെന്ന് ബിജെപി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.