ആളിക്കത്തി പെഗസസ് വിവാദം: രണ്ടാം ദിവസവും പാർലമെന്റ് സമ്മേളനം നിർത്തിവെച്ചു

അഭിറാം മനോഹർ| Last Modified ചൊവ്വ, 20 ജൂലൈ 2021 (13:18 IST)
പെഗസസ് ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് കേന്ദ്രസർക്കാർ രാജ്യത്തെ പ്രതിപക്ഷ നേതാക്കളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും ഫോൺ ചോർത്തിയെന്ന ആരോപണത്തെ തുടർന്ന് ലോക്‌സഭ സെഷൻ നിർത്തിവെച്ചു. വിഷയം സഭനിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം ബഹളമുണ്ടാക്കി.

ലോക്സഭയിൽ ചോദ്യോത്തര വേള ആരംഭിച്ചയുടൻ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളിക്കുകയായിരുന്നു.വിഷയത്തിൽ ഒന്നിച്ച് നീങ്ങാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം.

അതേസമയം കോൺഗ്രസാണ് ഇപ്പോഴത്തെ വിവാദത്തിന് പിന്നിലെന്നും തോറ്റുകൊണ്ടിരിക്കുകയാണെങ്കിലും അവർ നുണയുടെ രാഷ്ട്രീയം കളിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി പാർലമെന്ററി യോഗത്തിൽ കുറ്റപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പെഗസസ് സംബന്ധിച്ച് രാജ്യസഭയിൽ പ്രസ്താവന നടത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :