ജാതി സംവരണം ഇല്ലാതായേക്കുമെന്ന് സുപ്രീം കോടതി, സാമ്പത്തിക സംവരണം മാത്രമായി ഭാവിയിൽ മാറും, തീരുമാനിക്കേണ്ടത് പാർലമെന്റ്

അഭിറാം മനോഹർ| Last Modified വെള്ളി, 26 മാര്‍ച്ച് 2021 (14:34 IST)
രാജ്യത്ത് ജാതി സംവർണം ഇല്ലാതായേക്കുമെന്ന് സുപ്രീം കോടതി പരാമർശം. സാമ്പത്തിക സവരണമായിരിക്കും നിലനിൽക്കുക എന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർലമെന്റാണെന്നും സുപ്രീം കോടതി പരാമർശിച്ചു. മറാത്ത സംവരണ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജാതി സംവരണ ഇല്ലാതായേക്കാമെന്ന സുപ്രീംകോടതി പരാമർശം.

പരിഷ്കൃത സമൂഹത്തിൽ ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തെക്കാൾ സാമ്പത്തികാടിസ്ഥാനത്തിലുള്ള സംവരണം എന്ന വാദം സ്വീകരിക്കാവുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അതേസമയം സംവരണ പരിധി മറികടന്നുകൊണ്ടുള്ള മറാത്ത സംവരണം ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ 1992 ലെ മണ്ഡൽ കമ്മീഷൻ വിധി പുനഃപരിശോധിക്കണോ എന്നതിൽ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം പൂർത്തിയാക്കി.

. സംവരണ പരിധി 50 ശതമാനം കടക്കാൻ പാടില്ലെന്നാണ് ഇന്ദിരാസാഹിനി കേസിലെ വിധി. ഇത് പുനപരിശോധിക്കണമെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ഇന്ദിരാസാഹിനി കേസിൽ സാമൂഹിക പിന്നാക്കാവസ്ഥ മാത്രമായിരുന്നു പരിഗണിച്ചിരുന്നത്. സാമ്പത്തിക പിന്നാക്കാവസ്ഥ കൂടി പരിഗണിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

സംവരണം തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരുകൾക്ക് ഭരണഘടനയുടെ പതിനഞ്ച്, പതിനാറ് അനുഛേദങ്ങൾ പ്രകാരം സംസ്ഥാനങ്ങൾക്കുള്ള അധികാരത്തിലുള്ള കടന്നുകയറ്റമാണ് 102-ാം ഭരണഘടന ഭേദഗതിയെന്ന് മഹാരാഷ്ട്ര സർക്കാരും വാദിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :