12 ദിവസങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തി; കൂസലില്ലാതെ ചോദ്യങ്ങൾക്കെല്ലാം ഭീകരന്റെ മറുപടി

ജമ്മു| Last Modified ബുധന്‍, 5 ഓഗസ്റ്റ് 2015 (19:18 IST)
ബിഎസ്എഫ് വാഹന വ്യൂഹത്തിനു നേര്‍ക്ക് ആക്രമണം നടത്തിയശേഷം നാട്ടുകാര്‍ ജീവനോടെ പിടികൂടിയ പാക് ഭീകരന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത് ഒരു കൂസലുമില്ലാതെ. പന്ത്രണ്ട് ദിവസം മുമ്പാണ് താനും മറ്റൊരാളും പാക്കിസ്ഥാനില്‍ നിന്ന് കാട്ടിലൂടെ ഇന്ത്യയില്‍ എത്തിയതെന്നും ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. കാട്ടിലൂടെയോ എന്ന ചോദ്യത്തിന്, പിന്നെ ബസില്‍ വരാനാവുമോ എന്നായിരുന്നു ചിരിയോടെയുള്ള മറുചോദ്യം.

അതിർത്തിയിലെ ഇരുമ്പു മുള്‍വേലികള്‍ മറിച്ചുകടന്നിട്ടില്ല ഇന്ത്യയിലേക്ക് എത്തിയത്. മലമുകളില്‍ തങ്ങിയശേഷം മഞ്ഞുപൊഴിഞ്ഞപ്പോള്‍ താഴ്‍വരയിലേക്ക് ഇറങ്ങുകയായിരുന്നു. ആക്രമണം നടത്തുന്നതിന് പണം ലഭിച്ചിട്ടില്ലെന്നും ഉസ്മാന്‍ പറയുന്നു. മൂന്നുദിവസം കഴിഞ്ഞപ്പോള്‍ ഭക്ഷണം തീര്‍ന്നു. അപ്പോൾ ഒരുവീട്ടില്‍ കയറി ഭക്ഷണം മോഷ്ടിച്ച് കഴിച്ചതായും ഉസ്മാൻ ഖാൻ പറഞ്ഞു. അജ്‌മല്‍ കസബിന് ശേഷം ഇന്ത്യയില്‍ ജീവനോടെ പിടിയിലാകുന്ന ആദ്യ പാക് ഭീകരനാണ് ഉസ്മാൻഖാൻ.
ബിഎസ്എഫ് കസ്റ്റഡിയിലാണ് ഇയാൾ ഇപ്പോൾ ഉള്ളത്. വിശദമായ ചോദ്യം ചെയ്യലിനുശേഷമേ കൂടുതൽ കാര്യങ്ങൾ പുറത്തുവരൂ.

ജമ്മു കാശ്‌മീരിലെ ദേശീയപാതയില്‍ ഇന്നു രാവിലെ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാരാണ് മരിച്ചത്. എട്ടുപേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ സേനയെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.
അമര്‍നാഥ് തീര്‍ഥാടകരെ ലക്‍ഷ്യം വെച്ചാണ് ഭീകരാക്രമണം ഉണ്ടായത്. തീര്‍ഥാടകര്‍ കടന്നുപോയതിനു തൊട്ടുപിന്നാലെ ശ്രീനഗറില്‍ നിന്നും ജമ്മുവിലേക്ക് വരികയായിരുന്ന ബിഎസ്എഫിന്റെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :