ശ്രീനഗര്‍|
Last Updated:
ബുധന്‍, 5 ഓഗസ്റ്റ് 2015 (18:16 IST)
പാകിസ്ഥാന്‍ ഭീകരനെ ജമ്മു കശ്മീരില്‍ നാട്ടുകാര്‍ ജീവനോടെ പിടികൂടി. ജമ്മു കശ്മീരിലെ ഉദംപൂരില്‍ രണ്ടു ബി എസ് എഫ് ഭടന്മാരെ കൊന്ന പാക് ഭീകരനാണ് ജീവനോടെ പിടിയിലായിരിക്കുന്നത്. അജ്‌മല്‍ കസബിന് ശേഷം ഇന്ത്യയില്‍ ജീവനോടെ പിടിയിലാകുന്ന ആദ്യ പാക് ഭീകരനാണിത്.
ഇനി രണ്ടു ഭീകരര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായി കമാന്‍ഡോകള്‍ തിരച്ചില്‍ നടത്തിവരികയാണ്. പിടിയിലായ ഭീകരനെ ചോദ്യം ചെയ്യുന്നതോടെ ആക്രമണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അറിവാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സൈന്യം.
ജമ്മു കാശ്‌മീരിലെ ദേശീയപാതയില്‍ ഇന്നു രാവിലെ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാരാണ് മരിച്ചത്. എട്ടുപേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ സേനയെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.
അമര്‍നാഥ് തീര്‍ഥാടകരെ ലക്‍ഷ്യം വെച്ചാണ് ഭീകരാക്രമണം ഉണ്ടായത്. തീര്‍ഥാടകര്‍ കടന്നുപോയതിനു തൊട്ടുപിന്നാലെ ശ്രീനഗറില്‍ നിന്നും ജമ്മുവിലേക്ക് വരികയായിരുന്ന ബിഎസ്എഫിന്റെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഈ സാഹചര്യത്തില്‍ തീര്‍ഥാടക സംഘത്തെ ലക്‍ഷ്യമിട്ടായിരുന്നു ഭീകരാക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
ഏറെ നാളുകൾക്ക് ശേഷമാണ് ദേശീയപാതയില്‍ ഇത്തരമൊരു ആക്രമണമുണ്ടാകുന്നതെന്നും ഈ പ്രദേശം തീവ്രവാദികള്‍ ഇല്ലാത്ത സ്ഥലമായതിനാല്‍ ആശങ്കയുണ്ടെന്നും സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വിറ്ററിലൂടെ പറഞ്ഞു.
ഏതാനും ദിവസം മുന്‍പ് ജമ്മു കശ്മീരിലെ പൊലീസ് ചെക്ക് പോയന്‍റിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പൊലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ജമ്മു കാശ്‌മീര്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. അഖ്നൂര്‍ സെക്ടറില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണു ഷെല്ലാക്രമണം നടന്നത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. നിയന്ത്രണരേഖയോട് ചേര്‍ന്ന അഖ്നൂര്‍ സെക്ടറിലെ ബിഎസ്എഫ് പോസ്‌റ്റുകള്‍ക്കു നേരേയാണ് പാക് ആക്രമണം നടന്നത്.