ഭര്‍ത്താവിന്റെ ശവസംസ്‌ക്കാരം നടത്താന്‍ പണമില്ല; മാതാവ്‌ ആണ്‍ മക്കളെ പണയം വച്ചു

കിയോഞ്‌ജര്| rahul balan| Last Modified വ്യാഴം, 18 ഫെബ്രുവരി 2016 (10:26 IST)
ഭര്‍ത്താവിന്റെ ശവസംസ്കാരം നടത്താന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ഭാര്യ കൊച്ചു കുട്ടികളായ ആണ്‍ മക്കളെ പണയത്തിനു വച്ച് 5000 രൂപ വാങ്ങി. ഒറീസയിലെ ചമ്പുവയില്‍ ആണ് സംഭവം നടന്നത്. സാബിത്രി നായക്‌ എന്ന ഗോത്രസ്‌ത്രീയാണ്‌ തന്റെ മക്കളായ 13 കാരന്‍ മുകേഷിനെയും 11 സുകേഷിനെയും അയല്‍ക്കാരന്‌ പണയം നല്‍കി 5000 രൂപ വാങ്ങിയത്‌.

സംഭവം അറിഞ്ഞ്‌ ബ്‌ളോക്ക്‌ ഡവലപ്പ്‌മെന്റ ഓഫീസര്‍ കഴിഞ്ഞ ദിവസം ഇവിടെ അന്വേഷണത്തിന്‌ എത്തിയപ്പോള്‍ ആയിരുന്നു വിഷയം പുറത്തറിഞ്ഞത്‌. കുടുംബത്തിന്റെ ഏക വരുമാനമായിരുന്ന ഭര്‍ത്താവ്‌ റെയ്‌ബ മരണമടയുകയും അന്ത്യസംസ്കാരത്തിന് പണം ഇല്ലാതെയും വന്ന സാഹചര്യത്തിലാണ്‌ മാതാവ്‌ മക്കളെ അയല്‍ക്കാരന്‌ പണയം വെച്ചത്‌. ഈ പണത്തിന്‌ പണയക്കാരന്റെ കന്നുകാലികളെ മേയ്‌ക്കല്‍ പോലെയുള്ള ജോലികള്‍ കുട്ടികള്‍ക്ക്‌ ചെയ്യേണ്ടി വരും.

കൂലിപ്പണിക്കാരനായിരുന്ന റെയ്‌ബ ജനുവരി 26 നായിരുന്നു മരണമടഞ്ഞത്‌. ദീര്‍ഘ കാലമായി റെയ്‌ബ അസുഖ ബാധിതനായിരുന്നതിനാല്‍ ചെലവ്‌ താങ്ങാന്‍ കഴിയാതെ സാബിത്രി മക്കളുടെ പഠിപ്പ്‌ അവസാനിപ്പിച്ചിരുന്നു. അതേസമയം കുട്ടികളെ പണയം വെച്ചിട്ടില്ലെന്നും കടം വീടാന്‍ ഗ്രാമത്തിലെ മുഴുവന്‍ കാലികളെയും മേയ്‌ക്കുകയായിരുന്നെന്നും ജോലിക്ക്‌ വേണ്ടി ഇവര്‍ പഠിപ്പ്‌ നിര്‍ത്തുകയായിരുന്നെന്നുമാണ്‌ ബിഡിഒ യുടെ റിപ്പോര്‍ട്ട്‌.

സാബിത്രിയ്‌ക്ക് മൂത്ത ആണ്‍മക്കള്‍ക്ക്‌ മുറമേ ആകാശ്‌ (ഒമ്പത്‌), ചിലാരി (എട്ട്‌), ബര്‍ഷ (നാല്‌) എന്നിങ്ങനെ മറ്റ്‌ മൂന്ന്‌ മക്കള്‍ കൂടിയുണ്ട്‌. ഭര്‍ത്താവിന്റെ സംസ്‌ക്കാരത്തിനായി പല വീടുകളിലും സാബിത്രി മുട്ടിയെങ്കിലും ആരും മുന്നോട്ട്‌ വന്നില്ല. റെയ്‌ബയുടെ ചികിത്സയ്‌ക്കായി തന്നെ കുടുംബം ഉണ്ടായിരുന്ന സ്വത്ത്‌ മുഴുവന്‍ ചെലവഴിച്ചിരുന്നു. മാതാവിന്റെ കടം വീടാന്‍ കുട്ടികള്‍ കടക്കാര്‍ക്ക്‌ വേണ്ടി അടിമകളെപ്പോലെ പണി ചെയ്യുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :