ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 18 ഫെബ്രുവരി 2016 (08:23 IST)
വിദ്യാര്‍ഥി സമരം രൂക്ഷമാകുന്നതിനിടെ ജെഎന്‍യുവിലെ എബിവിപിയില്‍ നിന്നും കൂട്ടരാജി. സര്‍വകലാശാല യൂണിറ്റ് ജോയിന്റ് സെക്രട്ടറി അടക്കം മൂന്ന് നേതാക്കള്‍ എബിവിപിയില്‍ നിന്ന് രാജിവെച്ചു. കൂടുതല്‍ രാജികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ജോയിന്റ് സെക്രട്ടറി പ്രദീപ് നാര്‍വാള്‍, സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് യൂണിറ്റ് പ്രസിഡന്റ് രാഹുല്‍ യാദവ്, പ്രസിഡന്റ് അങ്കിത് ഹാന്‍സ് എന്നിവരാണ് സംഘടനവിട്ടത്. ജെഎന്‍യുവിലെ സമകാലിക സംഭവങ്ങളില്‍ പ്രതിഷേധിച്ചും രോഹിത് വെമൂലയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തിലും വ്യത്യസ്ത അഭിപ്രായമുള്ളതിനാലാണ് സംഘടന വിടുന്നതെന്ന് മൂവരും ചേര്‍ന്നു പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.
ദേശ വിരുദ്ധ മുദ്രാവാക്യം കാമ്പസില്‍ വിളിച്ചത് അംഗീകരിക്കാനാവില്ല. ഇത്തരക്കാരെ ശിക്ഷിക്കണം. എന്നാല്‍ അതിന്റെ പേരില്‍ ബിജെപി സര്‍ക്കാര്‍ വിഷയം കൈകാര്യം ചെയ്ത രീതി ശരിയായില്ല. കോടതി വളപ്പില്‍ ജെഎന്‍യുവിലെ അധ്യാപകരെ അടിച്ചമര്‍ത്തുന്നതും അഭിഭാഷകര്‍ കനയ്യ കുമാറിനെയും മാധ്യമങ്ങളെയും കൈകാര്യം ചെയ്യുന്നതും നീതീകരിക്കാനാവില്ല. ആശയങ്ങളെ അടിച്ചമര്‍ത്തുന്നതിനോടും ഇടതുപക്ഷം മുഴുവന്‍ ദേശ വിരുദ്ധരാണ് എന്നും പറയുന്നതിനോട് യോജിപ്പില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.