450 മണ്ഡലങ്ങളിൽ ബിജെപിക്കെതിരെ പൊതുസ്ഥാനാർഥി, പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താൻ തീരുമാനം

അഭിറാം മനോഹർ| Last Modified വ്യാഴം, 8 ജൂണ്‍ 2023 (18:18 IST)
2024ലെ ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ 450 മണ്ഡലങ്ങളില്‍ ബിജെപിക്കെതിരെ പ്രതിപക്ഷത്തിന്റെ പൊതുമത്സരാര്‍ഥികളെ മാത്രം മത്സരിപ്പിക്കാന്‍ ശ്രമം. ഈ മാസം 23ന് പാട്‌നയില്‍ ചേരുന്ന പ്രതിപക്ഷ ഐക്യനിരയുടെ ആദ്യയോഗത്തില്‍ ഇക്കാര്യം സജീവമായി ചര്‍ച്ചചെയ്യും. ഇരുപതോളം പ്രതിപക്ഷ കക്ഷികളാണ് യോഗത്തില്‍ പങ്കെടുക്കുക.

യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി,മമത ബാനര്‍ജി,അരവിന്ദ് കെജ്രിവാള്‍,അഖിലേഷ് യാദവ്,എം കെ സ്റ്റാലിന്‍,നിതീഷ് കുമാര്‍,ഹേമന്ദ് സോറന്‍ എന്നിവരെല്ലാം അണിനിരക്കുമെന്നാണ് കരുതുന്നത്. പ്രതിപക്ഷഐക്യമെന്നത് ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകാന്‍ തുടങ്ങി വര്‍ഷങ്ങളായിട്ടുണ്ടെങ്കിലും ഇതുവരെയും ഈ വിഷയത്തില്‍ ക്രിയാത്മകമായി യാതൊന്നും നടന്നിരുന്നില്ല. 543 ലോക്‌സഭാ മണ്ഡലങ്ങളില്‍ 450 ഇടങ്ങളിലും ബിജെപിക്കെതിരെ പ്രതിപക്ഷ സ്ഥാനാര്‍ഥി വേണമെന്നതിനെ പറ്റിയുള്ള ചര്‍ച്ചയാകും യോഗത്തിലുണ്ടാവുക. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് തടയുന്നതിനായാണ് ഈ തീരുമാനം.

തെലങ്കാന,ഡല്‍ഹി,ഉത്തര്‍പ്രദേശ്,പഞ്ചാബ്,ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ നിര്‍ദേശം എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്നത് 2024ന്റെ തിരെഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കും. സഖ്യത്തിന്റെ ഭാഗമായ പല പാര്‍ട്ടികളും പല സംസ്ഥാനങ്ങളിലും പരസ്പരം മത്സരിക്കുന്ന സ്ഥിതിയുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. പ്രതിപക്ഷ മഹാസഖ്യത്തെ കോണ്‍ഗ്രസ് തന്നെയാകും നയിക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :