WTC Final: വീണ്ടുമൊരു ഐസിസി ഫൈനൽ ദുരന്തം കാത്തിരിക്കുന്നു, ആദ്യദിനത്തിൽ പിടിമുറുക്കി ഓസീസ്

അഭിറാം മനോഹർ| Last Modified വ്യാഴം, 8 ജൂണ്‍ 2023 (13:32 IST)
ഓവലിലെ പച്ചപ്പ് നിറഞ്ഞ പിച്ചില്‍ ഇന്ത്യന്‍ പേസര്‍മാരെ കടന്നാക്രമിച്ച് ഓസീസ്. ആദ്യദിനം അവസാനിക്കുമ്പോള്‍ ഓസീസ് 85 ഓവറില്‍ 327ന് 3 വിക്കറ്റെന്ന ശക്തമായ നിലയിലാണ്. മത്സരത്തിന്റെ തുടക്കത്തില്‍ പിച്ച് നല്‍കിയ പിന്തുണ മുതലാക്കികൊണ്ട് ഓസീസിനെ 76ന് 3 വിക്കറ്റ് എന്ന നിലയിലെത്തിക്കാന്‍ സാധിച്ചെങ്കിലും പിന്നീട് ക്രീസിലെത്തിചേര്‍ന്ന സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് സഖ്യം ഇന്ത്യന്‍ പേസ് നിരയെ നിലംപരിശാക്കുകയായിരുന്നു.

ഏകദിന ശൈലിയില്‍ ബാറ്റ് വീശികൊണ്ട് ട്രാവിസ് ഹെഡ് റണ്‍സ് കണ്ടെത്തിയപ്പോള്‍ പരമ്പരാഗത ടെസ്റ്റ് ശൈലിയില്‍ നങ്കൂരമിട്ട് കൊണ്ട് സ്റ്റീവ് സ്മിത്ത് കളി ഓസീസിന്റെ വരുതിയിലാക്കി. ആദ്യ ദിനം അവസാനിക്കുമ്പോള്‍ 146 റണ്‍സുമായി ട്രാവിസ് ഹെഡും 95 റണ്‍സുമായി സ്റ്റീവ് സ്മിത്തും ക്രീസിലുണ്ട്. ഇന്ത്യയ്ക്ക് മത്സരത്തില്‍ തിരിച്ചെത്താനാകുമോ എന്നത് രണ്ടാം ദിവസത്തിന്റെ ആദ്യ സെഷനില്‍ തീരുമാനമാകും. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മേലുള്ള ആധിപത്യം ഓസീസ് തുടരുകയാണെങ്കില്‍ ടീം സ്‌കോര്‍ 500ന് മുകളിലെത്തിയാല്‍ ഓസീസ് ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്യുമെന്നും ഇന്ത്യയെ ബാറ്റിംഗിനയക്കുമെന്നാണ് കരുതുന്നത്.

അതേസമയം ആദ്യം ആക്രമണ സ്വഭാവത്തോടെ കളിച്ച ഇന്ത്യ ട്രാവിസ് ഹെഡ് സ്മിത്ത് സഖ്യം ഒത്തുചേര്‍ന്നതോടെ പ്രതിരോധത്തിലേക്ക് മാറുന്നതാണ് ഇന്നലെ കാണാനായത്. ഓസീസ് വിജയിക്കാനായി കളിക്കുമ്പോള്‍ തോല്‍ക്കാതിരിക്കാന്‍ കളിക്കുന്നതായാണ് ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷ. അതിനാല്‍ തന്നെ രണ്ടാം ദിനത്തിന്റെ ആദ്യ സെഷനില്‍ കളി മാറ്റിമറിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് മേല്‍ ഓസീസ് മാനസികമായ ആധിപത്യം നേടും. ഡ്യൂക്‌സ് പന്തില്‍ കളിച്ച് പരിചയമുള്ള ഓസീസ് ബൗളിംഗ് നിര ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ കടുത്ത വെല്ലുവിളിയാകും ഇന്ത്യയ്ക്ക് മുന്നില്‍ ഉയര്‍ത്തുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :