താന്‍ കത്ത് അയച്ചിട്ടില്ല, വിഷയത്തില്‍ അന്വേഷണം തുടങ്ങി- ചെന്നിത്തല; ഉന്നതതല അന്വേഷണം വേണമെന്ന് സുധീരന്‍

വിഎം സുധീരന്‍ , കത്ത് വിവാദം , ഉമ്മന്‍ചാണ്ടി , ഹൈക്കമാന്‍ഡ് , കെപിസിസി
തിരുവനന്തപുരം| jibin| Last Updated: വെള്ളി, 18 ഡിസം‌ബര്‍ 2015 (13:09 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാൻഡിന് കത്തയച്ചെന്ന ആരോപണം സംസ്ഥാന കോണ്‍ഗ്രസിനെ വെട്ടിലാക്കിയ സാഹചര്യത്തില്‍ കത്തിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ പ്രസിഡന്റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു.


കത്തയച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ അത്തരമൊരു കത്ത് എങ്ങനെ വന്നുവെന്നതിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണം- സുധീരന്‍ ആവശ്യപ്പെട്ടു.

കത്ത് വ്യാജമാണെന്നും അത്തരം ഒരു കത്ത് താന്‍ അയച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല യോഗത്തില്‍ വ്യക്തമാക്കി. തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ഹൈക്കമാന്‍ഡിനോട് നേരിട്ട് പറയാന്‍ അറിയാം. ഹൈക്കമാന്‍‌ഡിനോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പറയുക തന്നെ ചെയ്യും. അല്ലാതെ ഇങ്ങനെ കത്ത് എഴുതുന്ന രീതി തനിക്കില്ല. തന്റെ ശൈലിയും രീതിയും ഇങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ താന്‍ കത്തയച്ചെന്ന വാര്‍ത്ത പ്രചരിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് വ്യാഴാഴ്‌ച തന്നെ തീരുമാനിച്ചിരുന്നു. കത്തിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ നിരവധി തിക്‍താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നു പോലും പരസ്യ പ്രസ്‌താവനയ്‌ക്കോ പാര്‍ട്ടിയെ പ്രതികൂട്ടിലാക്കുന്ന പരാമര്‍ശങ്ങള്‍ക്കോ താന്‍ മുതിര്‍ന്നിട്ടില്ല. മാധ്യമങ്ങളിലൂടെ വിഴുപ്പലക്കല്‍ നടത്തുന്ന ആളല്ല താനെന്നും ചെന്നിത്തല യോഗത്തില്‍ പറഞ്ഞു.


കത്തിന്റെ നിജസ്ഥിതി അറിയാതെ പ്രതികരിച്ചതിന് യോഗത്തിൽ ലാലി വിൻസെന്റിനും ആർ.ചന്ദ്രശേഖരനുമെതിരെ വിമർശനമുയർന്നു. പ്രവർത്തരുടെ വികാരമാണ് കത്ത് പ്രതിഫലിപ്പിയ്ക്കുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു. അതേസമയം, തനിക്കെതിരായ കത്തയച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാവിലെ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :