ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 18 ഡിസം‌ബര്‍ 2015 (13:18 IST)
കത്ത് വിവാദം പുകയുന്നതിനിടെ ആഭ്യന്തരമന്ത്രി ഡല്‍ഹിയിലേക്ക്. ഡല്‍ഹിയില്‍ എത്തുന്ന ആഭ്യന്തരമന്ത്രി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച സോണിയ ഗാന്ധിയുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റപ്പെടുത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്ത് അയച്ചെന്ന് കഴിഞ്ഞദിവസം ‘ഇക്കണോമി ടൈംസ്’ ആയിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തകർച്ചയിൽ സർക്കാരിനും പങ്കുണ്ടെന്നും സർക്കാരിൽ അഴിമതി വ്യാപകമാണെന്നും ചെന്നിത്തലയുടെ കത്തില്‍ പറയുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍, താന്‍ ഇങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കെ പി സി സി യോഗത്തിലും
ചെന്നിത്തല നിലപാട് വ്യക്തമാക്കിയിരുന്നു. തനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ഹൈക്കമാന്‍ഡിനോട് നേരിട്ട് പറയാന്‍ അറിയാം. ഹൈക്കമാന്‍‌ഡിനോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പറയുക തന്നെ ചെയ്യും. അല്ലാതെ ഇങ്ങനെ കത്ത് എഴുതുന്ന രീതി തനിക്കില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

ചെന്നിത്തല നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ അത്തരമൊരു കത്ത് എങ്ങനെ വന്നു എന്നതിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം
സുധീരന്‍ ആവശ്യപ്പെട്ടു. അതേസമയം, കത്തിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി ചെന്നിത്തല അറിയിച്ചു.

ഇരുപത്തിരണ്ടാം തിയതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്താന്‍ പോകാനിരിക്കുകയായിരുന്നു. ഏതായാലും, കത്ത് വിവാദമായ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രി നേരത്തെ ഡല്‍ഹിക്ക് പോകുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :