പാകിസ്ഥാനെ പാഠം പഠിപ്പിക്കാന്‍ ഇന്ത്യയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കണമെന്ന് ശിവസേന

മുംബയ്| VISHNU N L| Last Modified ബുധന്‍, 3 ജൂണ്‍ 2015 (13:44 IST)
അതിർത്തിയിൽ തുടർച്ചയായി വെടിനിർത്തൽ ലംഘിക്കുന്ന പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കുന്നതിനായി വെടിനിർത്തൽ കരാർ ലംഘിക്കുന്നതിൽ തെറ്റില്ലെന്ന് ശിവസേന. പാർട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെയാണ് സേന തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. തിങ്കളാഴ്ച അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികനു പരുക്കേൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ശിവസേനയുടെ പ്രതികരണം.

2013ൽ 347 തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. 2014 ആയപ്പോഴേക്കും കരാർ ലംഘനങ്ങളുടെ എണ്ണം 562 ആയി ഉയർന്നു. വെടിനിർത്തൽ കരാർ ലംഘനങ്ങൾ തുടർക്കഥയായതോടെ അതിർത്തി പ്രദേശത്തു താമസിക്കുന്ന 32,000ൽ അധികം പേർക്കു സുരക്ഷിത സ്ഥാനത്തേക്കു മാറേണ്ടി വന്നതായും മുഖപത്രമായ സാമ്ന പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

പാകിസ്ഥാൻ കരാർ ലംഘിക്കുന്പോൾ ഇന്ത്യ തിരിച്ചടിക്കുന്നതും പാകിസ്ഥാനിയെ കൊല്ലുന്നതും കൊണ്ടും മാത്രം വെടിവയ്പ്പ് നിൽക്കുന്നുണ്ടോ എന്ന് മുഖപ്രസംഗത്തിൽ ചോദിക്കുന്നുണ്ട്. പാകിസ്ഥാനെ പോലെയൊരു ചെറിയ രാജ്യത്തിന് പല തവണ വെടിനിർത്തൽ കരാർ ലംഘിക്കാമെങ്കിൽ അവരുടെ 'വളഞ്ഞ വാൽ നിവർത്താൻ' ഇന്ത്യയും കരാർ ലംഘിക്കുന്നത് തെറ്റാകില്ലെന്ന് സേന പറയുന്നു.

ഒരു രാഷ്ട്രമെന്ന നിലയ്ക്ക് പാകിസ്ഥാന്റെ അവസ്ഥ ഭയാനകമാണ്. ഇന്ത്യയെ തകർക്കാനായി രാജ്യത്തിന്റെ പിന്നാന്പുറത്ത് പാകിസ്ഥാൻ വളർത്തിയ ഭീകരത ഇപ്പോൾ അവരെ തന്നെ നശിപ്പിക്കുകയാണ്. ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങൾ ഗണ്യമായി കുറഞ്ഞെന്നും എന്നാൽ അത് പാകിസ്ഥാനിലെ നിത്യ സംഭവമായി മാറിയിരിക്കുകയാണെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നുണ്ട്.

ജമ്മു കശ്മീർ അതിർത്തിയിലെ വെടിനിർത്തൽ ലംഘനത്തിനു കാരണം ഇന്ത്യയാണെന്നാരോപിച്ച് പാക്കിസ്ഥാൻ ഇന്നലെ രംഗത്തെത്തിയിരുന്നു. സമാധാന ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുമ്പോൾ തന്നെയാണ് വെടിനിർത്തൽ ലംഘനങ്ങളും ഇന്ത്യ നടത്തുന്നതെന്നായിരുന്നു പാക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :