അഭിറാം മനോഹർ|
Last Modified ചൊവ്വ, 2 ജൂണ്‍ 2020 (07:12 IST)
അറബിക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദ്ധം ഉച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന്
കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.നിസർഗ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് 11.30 ഓടെ രൂപം കൊള്ളുമെന്നാണ് പ്രവചനം.മണീക്കൂറിൽ 85 കിലോമീറ്റർ വരെ വേഗതയുണ്ടാവുന്ന നിസർഗ നാളെ ഉച്ചയ്‌ക്ക് മഹാരാഷ്ട്രയിലെ റായ്ഗഡിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയിൽ തീരം തൊടും.124 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് തീരം തൊടാൻ സാധ്യത.
നിസർഗ ചുഴലിക്കാറ്റ് വേഗത്തിൽ വീശുയടിക്കാനുള്ള സാധ്യത പരിഗണിച്ച് മഹാരാഷ്ട്രയുടെ വടക്കും ഗുജറാത്തിന്‍റെ തെക്കും തീരങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു.2 സംസ്ഥാനങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തീരങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയും ചെയ്‌തു.ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് മുബൈ, താനെ, പാൽഖർ, റായ്ഗഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നാളെ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.