ഇത്തവണ യോഗദിനത്തിൽ സൂര്യനമസ്കാരം ഇല്ല; 'ഓം' ഉച്ചാരണം നിര്‍ബന്ധിതവുമല്ലെന്ന് സര്‍ക്കാര്‍

സൂര്യനമസ്കാരം സംബന്ധിച്ച് നേരത്തെ വിവാദം ഉയര്‍ന്നിരുന്നു

സൂര്യനമസ്‌കാരം , ഓം ഉച്ചാരണം , യോഗ , നരേന്ദ്ര മോദി
ന്യൂഡൽഹി| joys| Last Updated: വ്യാഴം, 9 ജൂണ്‍ 2016 (08:55 IST)
സൂര്യനമസ്കാരം ഇത്തവണത്തെ അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി ഉണ്ടാകില്ല. കേന്ദ്രമന്ത്രി ശ്രിപാദ് നായിക് അരിയിച്ചതാണ് ഇക്കാര്യം. കൂടാതെ യോഗദിനത്തിന്റെ ഭാഗമായി നടക്കുന്ന ആഘോഷങ്ങളിലും പരിപാടികളിലും ഓം ഉച്ചാരണം നിർബന്ധമാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഓം ഉച്ചാരണം കൂടാതെ യോഗ പൂർണമാകില്ല, എന്നിരുന്നാലും യോഗ ദിനാചരണ പരിപാടികളിൽ ഓം ഉച്ചാരണം നിർബന്ധിതമാക്കേണ്ടെന്ന് സര്‍ക്കാര്‍
തീരുമാനിക്കുകയായിരുന്നു.

"സൂര്യനമസ്കാരം ചെയ്യുന്നത് അല്പം ബുദ്ധിമുട്ടുള്ളതാണ്. കൂടാതെ, 45 മിനിറ്റ് മാത്രം നീണ്ടു നില്ക്കുന്ന ഒരു പരിപാടിയിൽ സൂര്യനമസ്കാരം ചെയ്തു തീർക്കാൻ സാധിക്കില്ല. യോഗ പുതുതായി ചെയ്യാൻ എത്തുന്നവർക്ക് സൂര്യനമസ്കാരം ചെയ്യുന്നത് ബുദ്ധിമുട്ട് ആയിരിക്കും. അതുകൊണ്ട് സൂര്യനമസ്കാരം യോഗ ദിനാചരണ പരിപാടികളിൽ ഉൾപ്പെടുത്തുന്നതല്ല " മന്ത്രി നായിക് വ്യക്തമാക്കി.

സൂര്യനമസ്കാരം സംബന്ധിച്ച് നേരത്തെ വിവാദം ഉയര്‍ന്നിരുന്നു. സൂര്യനമസ്കാരം ചെയ്യുന്നത് തങ്ങളുടെ വിശ്വാസം അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഇസ്ലാം മത വിശ്വാസികൾ രംഗത്ത് വന്നിരുന്നു. യോഗ ദിനാചരണ പരിപാടികളിൽ നിന്ന് സൂര്യനമസ്കാരം പിന്‍വലിക്കുന്നതിന് ഇതും ഒരു കാരണമാൺ. ജൂൺ 21ന് ആണു അന്താരാഷ്‌ട്ര യോഗ ദിനം.

കഴിഞ്ഞ വര്‍ഷം മുതലാൺ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിച്ചു തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍‌കൈ എടുത്താണ് യോഗദിനാചരണം തുടങ്ങിയത്. കഴിഞ്ഞവർഷം രാജ്‌പത്തിൽ ആയിരുന്നു പ്രധാനമന്ത്രി യോഗ ദിനാചരണത്തിൽ പങ്കാളിയായത്. ഇത്തവണ ഛണ്ഡിഗഡിൽ വെച്ച് ആയിരിക്കും മോദി യോഗദിനത്തിൽ പങ്കാളിയാകുന്നത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :