തിരുവനന്തപുരം/കോഴിക്കോട്|
jibin|
Last Updated:
ബുധന്‍, 8 ജൂണ്‍ 2016 (10:55 IST)
ഹൈക്കോടതി അടച്ചു പൂട്ടാൻ നിർദ്ദേശിച്ച കോഴിക്കോട് മലാപ്പറമ്പ് എയുപി സ്‌കൂൾ ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു. സ്‌കൂൾ ഏറ്റെടുക്കാൻ നിയമ തടസമില്ലെന്ന് നിയമസെക്രട്ടറി മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണിത്. ഇതേരീതിയിൽ മറ്റു മൂന്നു സ്കൂളുകളും ഭാവിയിൽ സർക്കാർ ഏറ്റെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. പറഞ്ഞു.
മങ്ങാട്ട് മുറി, പാലാട്ട്, കിരാലൂർ സ്‌കൂളുകളും ഏറ്റെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അടച്ചു പൂട്ടല്‍ ഭീഷണി നേരിട്ട ഈ സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സർക്കാർ കോടതിയെ അറിയിക്കും.
സ്കൂൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന് മന്ത്രിസഭാ യോഗത്തിലാണ് സ്‌കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സ്കൂൾ ഏറ്റെടുക്കുന്നതിന് നിയമ തടസമില്ലെന്ന് നിമയസെക്രട്ടറി അറിയിച്ചു. മന്ത്രിസഭ ഇക്കാര്യത്തിൽ പ്രമേയം പാസാക്കണമെന്നും നിയമോപദേശം നൽകി. സർക്കാർ നിലപാട് അഡ്വക്കേറ്റ് ജനറൽ നാളെ ഹൈക്കോടതിയെ അറിയിക്കും.
മലാപ്പറമ്പ് സ്‌കൂൾ പൂട്ടാൻ ഹൈക്കോടതി നൽകിയ സമയപരിധി ഇന്നാണ് അവസാനിക്കുന്നത്. ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രി ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്കൂള്‍ ഏറ്റെടുത്താല്‍ സര്‍ക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ കൈമാറിയിട്ടുണ്ട്.