എന്തുകൊണ്ട് സ്‌കൂള്‍ പൂട്ടിയില്ല, ഉത്തരവ് നടപ്പാക്കിയേ മതിയാവൂ; മലാപ്പറമ്പ് സ്കൂള്‍ പൂട്ടണമെന്ന് വീണ്ടും ഹൈക്കോടതി

സ്‌കള്‍ പൂട്ടിയശേഷം സ്കൂൾ ഏറ്റെടുക്കുന്നതിലെ നടപടികൾ പഠിക്കാം

മലാപ്പറമ്പ് സ്‌കൂൾ , എയുപി സ്‌കൂൾ , മന്ത്രിസഭാ യോഗം , ഹൈക്കോടതി
തിരുവനന്തപുരം/കോഴിക്കോട്/കൊച്ചി| jibin| Last Modified ബുധന്‍, 8 ജൂണ്‍ 2016 (11:09 IST)
മലാപ്പറമ്പ് എയുപി സ്‌കൂൾ അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി. സ്‌കൂൾ ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് കോടതിയുടെ പുതിയ വിധി പുറത്തുവന്നത്. സ്‌കൂള്‍ പൂട്ടണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കപ്പെടുന്നില്ല എന്ന് വ്യക്തമാക്കി സ്‌കൂള്‍ മാനേജര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിച്ച ശേഷമാണ് സ്‌കൂള്‍ പൂട്ടാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

വിഷയം ഇന്ന് കോടതിയുടെ പരിഗണനയില്‍ വന്നപ്പോള്‍ സ്കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന കാര്യം അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകരപ്രസാദ് കോടതിയെ അറിയിച്ചു. നിയമസഭയുടെ അനുമതിയോടെ മാത്രമേ സര്‍ക്കാരിന് വിജ്ഞാപനം ഇറക്കാന്‍ കഴിയൂ എന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ സര്‍ക്കാരിന്റെ കാര്യമാണെന്നും സ്കൂള്‍ പൂട്ടണമെന്ന ഉത്തരവ് നടപ്പാക്കിയേ മതിയാവൂ എന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്.

സ്‌കൂള്‍ പൂട്ടണമെന്ന ഉത്തരവ് എന്തുകൊണ്ട് നടപ്പാക്കിയില്ല. സ്‌കള്‍ പൂട്ടിയശേഷം സ്കൂൾ ഏറ്റെടുക്കുന്നതിലെ
നടപടികൾ പഠിക്കാം. വിഷയത്തിലെ മറ്റു കാര്യങ്ങൾ പിന്നീട് തീരുമാനിക്കാം. സ്‌കൂള്‍ പൂട്ടണമെന്ന ഉത്തരവ് നടപ്പാക്കി റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റി.

സ്കൂൾ അടച്ചുപൂട്ടണമെന്നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ജൂൺ എട്ടിനകം പൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്നായിരുന്നു സുപ്രീംകോടതി നിർദേശിച്ചത്. പറഞ്ഞ സമയത്തിന് ശേഷവും സ്കൂള്‍ പൂട്ടാതിരുന്നതോടെ മാനേജര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. ഇതോടെയാണ് സ്കൂള്‍ ജൂണ്‍ എട്ടിനകം പൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്.

ഇതേത്തുടർന്ന് ഇന്നു ചേർന്ന മന്ത്രിസഭായോഗം സ്കൂൾ സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. ഇക്കാര്യം കോടതിയെ ഔദ്യോഗികമായി അറിയിച്ചപ്പോഴായിരുന്നു അക്കാര്യം പിന്നീട് പരിശോധിക്കാമെന്നും കോടതി ഉത്തരവ് നടപ്പാക്കാനും നിർദേശം നൽകിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :