നരേന്ദ്രമോഡി ഇന്ന് അധികാരമേല്‍ക്കും; സാര്‍ക്ക് നേതാക്കള്‍ എത്തി തുടങ്ങി

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 26 മെയ് 2014 (09:16 IST)
പ്രധാനമന്ത്രിയായി നരേന്ദ്രമോഡി തിങ്കളാഴ്ച വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതിഭവനിലെ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മോഡിക്കൊപ്പം 20 ക്യാബിനറ്റ് മന്ത്രിമാരും 20 സഹമന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും. തിങ്കളാഴ്ച രാവിലെ ഏഴിന് നിയുക്തപ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഘട്ടില്‍ രാഷ്ട്രപിതാവിന് ആദരാഞ്ജലി അര്‍പ്പിക്കും. രാവിലെ രാഷ്ട്രപിതാവിന്റെ സമാധി സന്ദര്‍ശിച്ച മോഡി പിന്നീട് വാജ്‌പേയിയുടെ വസതിയിലുമെത്തി.

പാകിസ്ഥാന്‍ പ്രസിഡന്റ് നവാസ് ഷെറീഫ് അടക്കമുള്ള 'സാര്‍ക്ക്' രാഷ്ട്രനേതാക്കള്‍ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഇവരില്‍ ചിലര്‍ ഞായറാഴ്ചതന്നെ ഡല്‍ഹിയിലെത്തി. അതിനിടെ ഉഭയകക്ഷി ബന്ധങ്ങളിലെ ശുഭസൂചനയെന്നോണം ഇന്ത്യയില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളെ പാകിസ്ഥാനും ശ്രീലങ്കയും തടവില്‍നിന്ന് മോചിപ്പിച്ചു. രാഷ്ട്രത്തലവന്മാരുടെ ഇന്ത്യാസന്ദര്‍ശനത്തിന് മുന്നോടിയായാണ് ഈ നടപടി. പാകിസ്ഥാനിലെ കറാച്ചി, ഹൈദരാബാദ് ജയിലുകളിലുള്ള 151 മത്സ്യത്തൊഴിലാളികളെയാണ് പാകിസ്ഥാന്‍ മോചിപ്പിച്ചത്. കസ്റ്റഡിയിലുള്ള മത്സ്യത്തൊഴിലാളികളെ രണ്ടാംതവണയാണ് ശ്രീലങ്ക മോചിപ്പിക്കുന്നത്. ഈ നടപടിയെ മോഡി സ്വാഗതംചെയ്തിട്ടുണ്ട്. മോഡിക്കൊപ്പം, ബിജെപിയിലെ മുതിര്‍ന്ന നേതാക്കളായ രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ്ലി, സുഷമാസ്വരാജ്, നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ മന്ത്രിസഭാംഗങ്ങളാകും. എന്നാല്‍ എല്‍കെ അദ്വാനിക്കും മുരളീമനോഹര്‍ ജോഷിക്കും മന്ത്രിസ്ഥാനം ലഭിക്കാനിടയില്ല.

ഭരണസഖ്യത്തിന്റെ മുതിര്‍ന്ന നേതാവെന്ന നിലയ്ക്ക് എന്‍ഡിഎ സഖ്യത്തിന്റെ അധ്യക്ഷനായി അദ്വാനി തുടരുമെന്നാണ് സൂചന. മുരളീമനോഹര്‍ജോഷിയെ സ്പീക്കര്‍ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗ് കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തുന്ന സാഹചര്യത്തില്‍ ബിജെപി പ്രസിഡന്‍റായി ഹിമാചല്‍പ്രദേശില്‍നിന്നുള്ള ജെപി നദ്ദയെ നിയമിക്കാനാണ് ആലോചന.
ഘടകകക്ഷിനേതാക്കളായ തെലുങ്കു ദേശത്തിന്റെ അശോക് ഗജപതി രാജു, ശിവസേനയുടെ അനന്ത് ഗീതെ, എല്‍ജെപിയുടെ രാംവിലാസ് പാസ്വാന്‍ തുടങ്ങിയവരും സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും.

സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സംസ്ഥാനമുഖ്യമന്ത്രിമാര്‍, മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവര്‍ മോഡിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കും. മോഡിയുടെ അമ്മ ഹീരാബെന്നും എത്തിയേക്കും. നാലായിരത്തോളം പേരെയാണ് ബിജെപി സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിട്ടുള്ളത്. റിപ്പബ്ലിക്ക് ദിനത്തിന് തുല്യമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയത്. രാഷ്ട്രപതി ഭവന് ചുറ്റുമുള്ള റോഡുകളും കെട്ടിടങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരുടെ കര്‍ക്കശ നിരീക്ഷണത്തിലാണ്. രാഷ്ട്രപതിഭവന് ചുറ്റുമുള്ള സര്‍ക്കാര്‍ഓഫീസുകള്‍ക്ക് ഉച്ചയ്ക്കു ശേഷം അവധിയായിരിക്കും.

ആദ്യമായാണ് ഇന്ത്യന്‍പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് 'സാര്‍ക്ക്' രാഷ്ട്രങ്ങളുടെ തലവന്‍മാരെത്തുന്നത്. നയതന്ത്രരംഗത്ത് മോഡി സര്‍ക്കാറിന് മേല്‍ക്കൈ നേടിക്കൊടുത്തതായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള ഈ ക്ഷണം. പാകിസ്താന് പുറമേ, ശ്രീലങ്കയുടെ പ്രസിഡന്റ് മഹിന്ദ രാജപക്‌സെ, അഫ്ഗാനിസ്താന്‍ പ്രസിഡന്റ് ഹമീദ് കര്‍സായ്, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറീങ് തോബ്ഗേ, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാള, മാലെദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമീന്‍ അബ്ദുള്‍ ഗയൂം, ബംഗ്ലാദേശ് സ്പീക്കര്‍ ഷിരിന്‍ ഷര്‍മിന്‍ തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

രാഷ്ട്രപതി ഭവന്റെ അങ്കണത്തില്‍ നടക്കുന്ന ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുന്‍ എന്‍ഡിഎ സര്‍ക്കാറിന് നേതൃത്വംനല്‍കിയ എ ബി വാജ്പേയിയും ഡര്‍ബാര്‍ഹാള്‍ ഒഴിവാക്കി രാഷ്ട്രപതിഭവന് മുന്നിലാണ് സത്യപ്രതിജ്ഞചെയ്തത്. എന്നാല്‍, അന്ന് 1500-ഓളം പേര്‍മാത്രമായിരുന്നു ചടങ്ങിന് ക്ഷണിക്കപ്പെട്ടവര്‍. മോഡിയുടെ സത്യപ്രതിജ്ഞ ഉത്സവമാക്കാനുള്ള തയ്യാറെടുപ്പാണ് ബിജെപി നടത്തുന്നത്. തലസ്ഥാനനഗരിയിലെ പ്രധാനകേന്ദ്രങ്ങളില്‍ വലിയ സ്‌ക്രീനില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ തത്സമയസംപ്രേഷണം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :