ന്യൂഡല്‍ഹി|
Last Modified ശനി, 24 മെയ് 2014 (09:11 IST)
തിങ്കളാഴ്‌ച നടക്കേണ്ട നരേന്ദ്ര മോഡി സര്‍ക്കാരിന്റെ സത്യപ്രതിജഞാ ചടങ്ങില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫ് പങ്കെടുക്കുന്നതില്‍ സൈന്യത്തിന് എതിര്‍പ്പ്. പങ്കെടുക്കണമെന്ന് നവാസ് ഷെറീഫിന് അതിയായ താത്പര്യമുണ്ടെങ്കിലും സര്‍ക്കാരിനു മേല്‍ നിയന്ത്രണാധികാരമുളള പാക് സേനയുടെ നിലപാടാണ് മറുപടി വൈകാന്‍ കാരണം. ഷെറീഫിന്റെ തീരുമാനം ഇന്ന് ഇന്ത്യയെ അറിയിക്കും.
ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രജപക്‌സെ, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള, ബംഗ്‌ളാദേശ് പ്രധാനമന്ത്രി ഷെയ്‌ക് ഹസീനയുടെ പ്രതിനിധി സ്‌പീക്കര്‍ ഷിറിന്‍ ഷര്‍മിന്‍ ചൗധരി, ഭൂട്ടാന്‍ പ്രധാനമന്ത്രി ടെഷറിംങ് തോബ്ഗായി, മാലിദ്വീപ് പ്രസിഡന്റ് അബ്‌ദുള്‍ യമീന്‍ എന്നിവര്‍ എത്തിച്ചേരും.
അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയും മൗറീഷ്യസ് പ്രധാനമന്ത്രി നവിചന്ദ്ര രംഗൂലവും എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കും ഒപ്പമുള്ള നയതന്ത്ര സംഘത്തിനുമുള്ള സൗകര്യങ്ങള്‍ ചടങ്ങ് നടക്കുന്ന രാഷ്ട്രപതിഭവനില്‍ ഏര്‍പ്പെടുത്തി.
ഷെറീഫും ഭരണകക്ഷിയായ മുസ്ലിം ലീഗ് -നവാസ്
(പിഎംഎല്‍- എന്‍) നേതൃത്വവും പാകിസ്ഥാന്‍ വിദേശകാര്യ വകുപ്പും ഇന്ത്യയുടെ ക്ഷണം സ്വീകരിക്കണമെന്ന നിലപാടിലാണ്. എന്നാല്‍ ഇതുവരെ ഔദ്യോഗിക
പ്രതികരണം ഉണ്ടായിട്ടില്ല. പാകിസ്ഥാനുമായി അടുപ്പം പുലര്‍ത്തുന്ന മറ്റു വിദേശ രാജ്യങ്ങളുടെ അഭിപ്രായവും ഷെറീഫ് തേടിയിട്ടുണ്ടെന്ന് അറിയുന്നു.
ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രജപക്‌സെയെ ക്ഷണിച്ചതിന് എതിരെ തമിഴ്‌നാട്ടില്‍ നിന്നുളള എന്‍.ഡി.എ കക്ഷികള്‍ അടക്കം പരസ്യമായി രംഗത്തു വന്നിട്ടുണ്ടെങ്കിലും തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ബിജെപി. തമിഴ് വികാരം ജ്വലിക്കാതിരിക്കാന്‍ തന്നോടൊപ്പം ലങ്കയിലെ തമിഴ് മേഖലയായ ഉത്തര പ്രവിശ്യാ കൗണ്‍സില്‍ മുഖ്യമന്ത്രി സി വിഘ്നേശ്വരനെ കൂട്ടാനുള്ള രാജപക്സെയുടെ ശ്രമത്തിനു തിരിച്ചടി നേരിട്ടു.