പ്രതിരോധം ശക്തമാക്കുന്നു; മോഡി സേനാ തലവന്മാരുടെ യോഗം വിളിക്കും

ന്യൂഡല്‍ഹി| Last Modified വെള്ളി, 23 മെയ് 2014 (10:36 IST)
ചെയ്ത് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം നരേന്ദ്ര മോഡി സേനാ തലവന്മാരുടെ യോഗം വിളിക്കും. പ്രതിരോധ മേഖലയിലെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ പരിശോധിക്കുന്നതിനാണ് സേനാ മേധാവികളുമായുള്ള കൂടിക്കാഴ്ച.

കരസേന മേധാവി ജനറല്‍ ബിക്രം സിംഗ്, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ, നാവികസേന മേധാവി അഡ്മിറല്‍ റോബിന്‍ ധവാന്‍ എന്നിവരാണ് പ്രധാനമന്ത്രിയെ കാണുക. മൂന്ന് സൈനിക വിഭാഗങ്ങളെക്കുറിച്ചുള്ള പൊതുചിത്രം നരേന്ദ്ര മോഡിക്ക് നല്‍കുക എന്നതാണ് ലക്ഷ്യം. ഓരോ വിഭാഗത്തെ കുറിച്ചുമുള്ള 25 മിനിറ്റ് ദൈര്‍ഘ്യമുളള അവതരണം സേനാമേധാവികള്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ നടത്തും.

സേനകള്‍ക്ക് അത്യാവശ്യം വേണ്ട ആയുധങ്ങള്‍, യുദ്ധവിമാനങ്ങള്‍, മുങ്ങികപ്പലുകള്‍, മുടങ്ങിക്കിടക്കുന്ന പ്രതിരോധ ഇടപാടുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങളായിരിക്കും സേനാ മേധാവികള്‍ പ്രധാനമന്ത്രിയെ അറിയിക്കുക. പശ്ചിമ നാവിക ആസ്ഥാനത്ത് അടുത്ത കാലങ്ങളില്‍ ഉണ്ടായ അപകടങ്ങളെ കുറിച്ച് നാവിക സേനാ മേധാവി പ്രധാനമന്ത്രിയെ അറിയിച്ചേക്കും.

മുങ്ങികപ്പലുകളുടെ കാലപ്പഴക്കമാണ് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമെന്ന വിലയിരുത്തല്‍ നാവിക സേനക്കുണ്ട്. ഇന്ത്യ-പാക്ക് നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാ‍ര്‍ ലംഘനം, ചൈന അതിര്‍ത്തിയില്‍ ഉയര്‍ത്തുന്ന വെല്ലുവിളി തീരസുരക്ഷ തുടങ്ങിയ വിഷയങ്ങളും ഉയര്‍ന്നുവരും. ഇക്കാര്യങ്ങളില്‍ അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് സേനാമേധാവികള്‍ പ്രധാനമന്ത്രിയെ അറിയിക്കും. സേനാമേധാവികളുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ പുതിയ പ്രതിരോധമന്ത്രിയും പങ്കെടുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :