നമാമി ഗംഗയ്ക്ക് ജര്‍മ്മന്‍ സാങ്കേതിക വിദ്യ

ബെർലിൻ| VISHNU N L| Last Modified വെള്ളി, 28 ഓഗസ്റ്റ് 2015 (11:44 IST)
കേന്ദ്രസര്‍ക്കാരിന്റെ ഗംഗാ ശുചീകരണ പദ്ധതിയായ നമാമി ഗംഗ പ്രോഗ്രാമിന് ജര്‍മ്മന്‍ സഹയം ഉണ്ടാകും. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ജര്‍മ്മന്‍ സന്ദര്‍ശനത്തിലാണ് പദ്ധതിയ്ക്ക് ജര്‍മ്മനി സഹായ വാഗ്ദാനം നല്‍കിയത്. ജർമൻ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമിയറുമായി സുഷമ നടത്തിയ രണ്ടു മണിക്കൂർ ദീർഘിച്ച ചർച്ചയിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്.

ജർമനിയിലെ റൈൻ നദി ശുചിയാക്കുന്നതിന് ഉപയോഗിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് ഗംഗാ നദിയും ശുചിയാക്കാനാണ് ജര്‍മ്മനിയുടെ പദ്ധതി. കൂടാതെ ഇന്ത്യയിലെ ഓരോ സ്കൂളിലും പ്രവർത്തനക്ഷമമായ ടോയ്‌ലറ്റ് എന്ന ‘സ്വച്ഛവിദ്യാലയ’ പദ്ധതിയിലും ജർമനി സഹകരിക്കും.
ജർമനിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംസ്കൃതം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകൾ പഠിപ്പിക്കുവാനും ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജർമൻ പഠിപ്പിക്കുന്നതു തുടരാനും ചര്‍ച്ചയിലൂടെ ധാരണയായി.

ഒക്ടോബറിൽ ജർമൻ ചാൻസലർ അംഗല മെർക്കൽ ഇന്ത്യ സന്ദർശിക്കുമ്പോൾ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. യുഎൻ രക്ഷാസമിതിയിൽ സ്ഥിരം സീറ്റ് പ്രതീക്ഷിക്കുന്ന ഇന്ത്യയും ജർമനിയും ഇതിനാവശ്യമായ ചട്ടങ്ങളിൽ പരിഷ്കാരം യുഎൻ എഴുപതാ വാർഷികത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയും പങ്കിട്ടതായി വിദേശകാര്യമന്ത്രാലയം വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. ജർമൻ സന്ദർശനം വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നാട്ടിലേക്കു മടങ്ങി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :