നാഗാലാൻഡിൽ ആഫ്‌സ്‌പ ആറ് മാസത്തേക്ക് കൂടി നീട്ടി

അഭിറാം മനോഹർ| Last Modified വ്യാഴം, 30 ഡിസം‌ബര്‍ 2021 (21:43 IST)
നാഗാലാൻഡിൽ സായുധ സേനയ്ക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന ആഫ്‌സ്‌പ നിയമം ആറ് മാസത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഈ മാസം ആദ്യം മോണ്‍ ജില്ലയില്‍ സൈന്യം നടത്തിയ ആക്രമണത്തിലും ഇതിന് പ്രതികാരമായി നടന്ന അക്രമത്തിലും 14 സിവിലിയന്മാരും കൊല്ലപ്പെട്ടതിനെ തുടർന്ന് സൈന്യത്തിന് വിപുലമായ അധികാരങ്ങൾ നൽകുന്ന നിയമം പിൻവലിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.

സംസ്ഥാന തലസ്ഥാനമായ കൊഹിമയില്‍ ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം അഫ്‌സ്പ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ചുകൾ നടന്നിരുന്നു. സംസ്ഥാന സർക്കാരും വിവിധ സംഘടനകളും നിയമം പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. സംഘര്‍ഷ സാദ്ധ്യത ഉള്ള സ്ഥലമാണെന്ന് വിലയിരുത്തിയാണ് അഫ്‌സ്പ നീട്ടിയത്.

നാഗാലാന്റില്‍ കുറേ വര്‍ഷങ്ങളായി ആറ് മാസം കൂടുമ്പോള്‍ അഫ്‌സപ നിയമം നീട്ടി നല്‍കുകയാണ് പതിവ്. അഫ്സ്പ എടുത്ത് കളയണമെന്നാവശ്യപ്പെട്ട് നാഗാലാന്‍ഡ് നിയമസഭ ഇക്കഴിഞ്ഞ ഡിസംബര്‍ 20ന് ഏകകണ്ഠേന പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര‌ത്തിന്റെ ഉത്തരവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :