ഒമിക്രോണ്‍: നിയന്ത്രണങ്ങള്‍ കടുപ്പിക്കാമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

രേണുക വേണു| Last Modified ചൊവ്വ, 28 ഡിസം‌ബര്‍ 2021 (07:28 IST)

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. തിങ്കളാഴ്ച മാത്രം രാജ്യത്ത് 156 പുതിയ ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം ഇതോടെ 578 ആയി. ഡല്‍ഹിയിലാണ് (142) ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗികള്‍. മഹാരാഷ്ട്രയില്‍ 141 രോഗികളും കേരളത്തില്‍ 57 രോഗികളുമുണ്ട്. കോവിഡ്-ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ ജാഗ്രതയും നിയന്ത്രണങ്ങളും കൈവിടരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. ആഘോഷസമയമായതിനാല്‍ നിരത്തുകളിലും വ്യാപാരകേന്ദ്രങ്ങളിലും തിരക്ക് വര്‍ധിക്കാമെന്നും ഇത് വൈറസ് വ്യാപനത്തിന് വഴിവെച്ചേക്കുമെന്നും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ മുന്നറിയിപ്പുനല്‍കി. ഇതു തടയാന്‍ ജില്ലതിരിച്ചുള്ള ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ നീട്ടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. 60 ശതമാനത്തിലധികം കോവിഡ് രോഗികളുള്ള ആശുപത്രികളുള്ള ജില്ലകളിലും നിയന്ത്രണം കര്‍ക്കശമാക്കണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :