നിയന്ത്രണം നീക്കിയെന്നത് തെറ്റ്, മാസ്‌ക് തുടരണമെന്ന് കേന്ദ്രം

അഭിറാം മനോഹർ| Last Modified ബുധന്‍, 23 മാര്‍ച്ച് 2022 (14:49 IST)
മാസ്‌കും സാമൂഹിക അകലവും തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മാസ്‌ക് ഒഴിവാക്കിയതായുള്ള തെറ്റായ വാർത്തകൾ പ്രചരിച്ച‌തോടെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രഖ്യാപനം.

ട്വിറ്ററിലൂടെയാണ് മാധ്യമ വാര്‍ത്തകളെ തള്ളി കേന്ദ്രം കൊവിഡ് മാനദണ്ഡങ്ങളില്‍ വ്യക്തത വരുത്തിയത്. മാസ്‌ക് ധരിക്കലിലും കൈകൾ വൃത്തിയാക്കലിലും ഉള്‍പ്പെടെ ഇളവുകള്‍ വന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ഇത് വാസ്തവമല്ല. കൊവിഡ് പ്രതിരോധത്തിനായി മാസ്‌ക് ഉപയോഗിക്കുന്നത് തുടരണം. കേന്ദ്രമന്ത്രാലയം ട്വീറ്റിൽ വ്യക്തമാക്കി.

പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.ആള്‍ക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് എടുക്കേണ്ടെന്നും നിര്‍ദേശമുണ്ട്. എന്നാൽ ഇതിനർഥം മാസ്‌ക് ധരിക്കണ്ട എന്നതല്ല എന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :