മുസ്ലീം വ്യക്തി നിയമം അപരിഷ്‍‍‍കൃതമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| VISHNU N L| Last Updated: വ്യാഴം, 29 ഒക്‌ടോബര്‍ 2015 (20:04 IST)
സ്ത്രീകളുടെ മൗലിക സ്വാതന്ത്ര്യം ഉൾപ്പടെയുള്ളവ ഹനിക്കുന്ന മുസ്ലീം വ്യക്തി നിയമം അപരിഷ്കൃതമാണെന്ന് സുപ്രീംകോടതി. ഏകപക്ഷീയമായി വിവാഹമോചനത്തിൽ നിന്നും ബഹുഭാര്യാത്വത്തിൽ നിന്നും സ്ത്രീകളുടെ അവകാശം സംരക്ഷിക്കാൻ മുസ്ലീം വ്യക്തിനിയമത്തിത്തിന് കഴിയുന്നില്ലെന്നും കോടതി വിലയിരുത്തി. സതി പോലെ ബഹുഭാര്യാത്വം നിരോധിക്കപ്പെടേണ്ടതാണെന്ന നിരീക്ഷണവും കോടതി നടത്തി.

ജസ്റ്റിസുമാരായ എ.ആർ.ദാവെ, എ.കെ.ഗോയൽ എന്നിവരടങ്ങുന്ന ബഞ്ചാണ് ചീഫ് ജസ്റ്റിസ് എച്ച്.എൽ. ദത്തുവിന് മുന്നിൽ മുസ്ലീം വ്യക്തി നിയമം പരിഷ്ക്കരിക്കണമെന്ന ആവശ്യമുന്നയിച്ചത്. രാജ്യത്തെ ഭരണഘടന ലിംഗപരമായ വേർതിരിവ് അനുവദിക്കാത്തിടത്തോളം ഇസ്ലാം മത വിശ്വാസികൾക്കിടയിലെ ഇത്തരം പ്രശ്നങ്ങൾ വിലയിരുത്താനും കാലോചിതമായ മാറ്റങ്ങൾ നിർദ്ദേശിക്കാനും പ്രത്യേക ബഞ്ച് രൂപീകരിക്കണമെന്നും ജസ്റ്റിസുമാർ ആവശ്യപ്പെട്ടു.

ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി)നിയമം സംബന്ധിച്ച ഒരു കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. ലിംഗ വിവേചനം സംബന്ധിച്ച് ചില ആശങ്കകൾ അഭിഭാഷകർ ഉന്നയിച്ചതോടെയാണ് കോടതിയും വിഷയത്തിലിടപെട്ടത്. ഭരണഘടന ഉറപ്പുനൽകുന്ന സംരക്ഷണമുള്ളപ്പോഴും മുസ്ലീം സ്ത്രീകൾ കടുത്ത വിവേചനം നേരിടുന്നുവെന്നാണ് കോടതി ചൂണ്ടിക്കാട്ടി.

വിവാഹവും പിന്തുടർച്ചാവകാശവുമൊന്നും മതവുമായി ബന്ധപ്പെട്ട വിഷയങ്ങളല്ല. മതത്തിൽ ഇതിനെക്കുറിച്ചുള്ള നിഷ്കർഷകളുമില്ല. 1950ൽ കാലോചിതമായ മാറ്റങ്ങൾ ഉൾപ്പെടുത്തി ഹിന്ദു വ്യക്തി നിയമം പരിഷ്‍ക്കരിച്ചിരുന്നു. എന്നാൽ നാളിതുവരെ മാറ്റമില്ലാതെ തുടരുന്ന മുസ്ലീം വ്യക്തി നിയമം തീർത്തും അപരിഷ്‍‍‍കൃതമെന്നും ബഞ്ച് വിലയിരുത്തി. ഭർത്താവിൽ നിന്നുള്ള ഏകപക്ഷീയമായ വിവാഹമോചനവും രണ്ടാം വിവാഹവും സ്ത്രീകളുടെ അന്തസ് ഇടിച്ചു താഴ്ത്തുന്നതാണ്. ബഹുഭാര്യാത്വം പൊതുസമൂഹത്തിന്റെ ധാർമ്മികതയ്‍ക്ക് ഹാനികരമാണെന്നും കോടതി പറഞ്ഞു.

ജാവേദ് vs സ്റ്റേറ്റ് ഓഫ് ഹരിയാന കേസിൽ ബഹുഭാര്യത്വത്തിനെതിരെയുള്ള മൂന്നംഗ ബഞ്ചിന്റെ നിരീക്ഷണം കൂടി ഉദ്ധരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസിന് മുന്നിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്. ബഹുഭാര്യത്വവും മുത്തലാക്കും സദാചാരമൂല്യങ്ങൾക്കെതിരെന്നായിരുന്നു ജാവേദ് vs സ്റ്റേറ്റ് ഓഫ് ഹരിയാന കേസിലെ കോടതി നിരീക്ഷണം. ഇത് വെറും നയപരമായ ഒരു വിഷയം മാത്രമല്ലെന്നും ഭരണഘടന ഉറപ്പുനൽകുന്ന സ്ത്രീകളുടെ മൗലികാവകാശങ്ങൾ സംബന്ധിച്ച ആശങ്കയാണെന്നും കോടയി വിലയിരുത്തി.

ഇക്കാര്യത്തിൽ ഉചിതമായ ബെഞ്ചിനു മുന്പാകെ പ്രത്യേക പൊതുതാൽപര്യ ഹർജി സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ബന്ധപ്പെട്ട അറ്റോർണി ജനറലിനും ലീഗൽ സർവീസ് അതോറിറ്റിക്കും നോട്ടീസ് അയച്ച കോടതി നവംബർ 23നകം മറുപടി നൽകണമെന്നും നിർദേശിച്ചു. കേസിന്റെ തുടർനടപടികളിൽ കോടതിയെ സഹായിക്കാൻ വിഷയം കോടതിയിൽ ഉന്നയിച്ച അഭിഭാഷകനോടും നിർദേശിച്ചു. 1986 ലെ രാജീവ് ഗാന്ധി സർക്കാർ പസ്സാക്കിയ മുസ്ലീം വിമൻ ആക്ടും ഭരണഘടനാ ബഞ്ച് പുന:പരിശോധിക്കണമെന്നും പുതിയ ആവശ്യത്തിൽ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :