ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വെള്ളി, 20 ജൂണ്‍ 2014 (13:50 IST)
ചക്കമോഷ്ടാവിനെ പിടികൂടാനായി പൊലീസ്
പ്രത്യേക അന്വേഷണ സംഘത്തിനെ ഏര്‍പ്പാട് ചെയ്തു. സംഭവം ആഫ്രിക്കയിലെ പട്ടിണി രാജ്യങ്ങളിലല്ല. നമ്മുടെ ഇന്ത്യയില്‍ തന്നെയാണ്.
ജനദാതള്‍ യുണൈറ്റഡ് രാജ്യസഭ എംപി പ്രസാദിന്റെ നമ്പര്‍ 4, തുഗ്ലക് റോഡിലെ വസതിയിലെ പ്ലാവില്‍ നിന്ന് രണ്ടു ചക്കകള്‍ മോഷണം പോയതോടെയാണ് മോഷ്ടാവിനെ പിടികൂടുന്നതിനായി ഡല്‍ഹി പോലീസ് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം വീട്ടുമുറ്റത്തെ പ്ലാവില്‍ ഒന്‍പത് ചക്കകള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഇന്നു രാവിലെ രണ്ടെണ്ണം കാണാതായതായി കണ്ടെത്തുകയായിരുന്നെന്നും എംപിയുടെ പിഎ നല്കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം നടക്കുന്നത്.
പരാതിയെ തുടര്‍ന്ന് വിരലടയാള വിദഗ്ദ്ധരും കുറ്റാന്വേഷണ വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെടെ പത്തോളം പേരുടെ സംഘമാണ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. സൂക്ഷ്മ പരിശോധനയില്‍ എംപിയുടെ വീട്ടു പരിസരത്തു നിന്ന് മോഷ്ടാവിന്റേതെന്നു കരുതുന്ന കാല്പാടുകള് ലഭിച്ചിട്ടുണ്ടെന്നും ഇവയ്ക്ക് ആറ് ഇഞ്ചോളം നീളമുണ്ടെന്നും പോലീസ് പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി എംപിയുടെ വീടിനു പുറത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും. എംപിയുടെ വീട്ടു ജോലിക്കാരെ ചോദ്യം ചെയ്തുവരികയാണിപ്പോള്‍. കൂടുതല്‍ തുമ്പു ലഭിക്കാനായി എംപിയുടെ വീടിന്റെ പരിസര പ്രദേശങ്ങള്‍ പരിശോധിക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്
കാല്പാടുകളും വിരലടയാളങ്ങളും കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിലേക്ക് അയയ്ക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉടന്‍ തന്നെ ചക്ക മോഷ്ടാവിനെ പിടികൂടാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.