അഭിറാം മനോഹർ|
Last Modified തിങ്കള്‍, 23 ഓഗസ്റ്റ് 2021 (15:46 IST)
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങി 387 മലബാര്‍ ലഹള നേതാക്കളെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്(ICHR) നിയോഗിച്ച മൂന്നംഗ സമിതിയാണ് ഇത് സംബന്ധിച്ച അവലോകന റിപ്പോർട്ട് നൽകിയത്.
1921ലെ കലാപം ഒരിക്കലും സ്വാതന്ത്രസമരത്തിന്റെ ഭാഗമായിരുന്നില്ലെന്നും മതപരിവർത്തനം ലക്ഷ്യമിട്ടിട്ടുള്ള മതമൗലികപ്രസ്ഥാനമായിരുന്നുവെന്നുമാണ് മൂന്നംഗ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്‌തു. കലാപത്തിൽ ഉയർന്ന മുദ്രാവാക്യങ്ങൾ ദേശീയതയുടെ ഭാഗമായിരുന്നില്ലെന്നും ഉള്ളടക്കത്തിൽ ബ്രിട്ടീഷ് വിരുദ്ധത ഉണ്ടായിരുന്നില്ലെന്നും സമിതി വിലയിരുത്തി.
കലാപത്തിൽ ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമാണ് നടന്നതെന്നും. കലാപം വിജയിച്ചിരുന്നെങ്കിൽ ഖിലാഫത്ത് സ്ഥാപിക്കപ്പെടുകയും ഇന്ത്യക്ക് ആ പ്രദേശം നഷ്ടപ്പെടുമായിരുന്നുവെന്നും വിലയിരുത്തിയ സമിതി വാരിയന്‍ കുന്നന്‍ ഒരു കലാപകാരിയാണെന്ന് പറഞ്ഞുകൊണ്ടാണ് ശുപാര്‍ശ അവസാനിപ്പിക്കുന്നത്.
സമിതിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ച് പുതുക്കിയ സ്വതന്ത്ര സമര സേനാനികളുടെ പട്ടിക ഒക്ടോബറോടെ പ്രസിദ്ധീകരിക്കുമെന്ന് ഐസിഎച്ച്ആര്‍ ഡയറക്ടര്‍ ഓം ജി ഉപാധ്യായ് പറഞ്ഞു.