മഹാരാഷ്ട്രയില്‍ തൂക്കുമന്ത്രിസഭ; ഹരിയാനയില്‍ ബിജെപി അധികാരത്തിലേക്ക്

മുംബൈ| Last Modified ഞായര്‍, 19 ഒക്‌ടോബര്‍ 2014 (12:26 IST)
മഹാരാഷ്ട്രയില്‍ തൂക്കുമന്ത്രിസഭയുടെ സാധ്യത തെളിയുമ്പോള്‍ ഹരിയാനയില്‍ ബിജെപി അധികാരത്തിലേക്ക്. മഹാരാഷ്ട്രയില്‍ 5 സീറ്റുകളില്‍ ബിജെപി വിജയിച്ചു. 109 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 2009-ല്‍ 46 സീറ്റ് നേടിയിടത്താണ് ബിജെപിയുടെ മുന്നേറ്റം. ശിവസേന മൂന്ന് സീറ്റില്‍ വിജയിച്ചു. 53 സീറ്റില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് മൂന്നിടത്ത് വിജയിച്ചു. 44 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. ഒരു സീറ്റില്‍ വിജയിച്ച എന്‍സിപി 43 സീറ്റില്‍ ലീഡ് ചെയ്യുന്നു. 288 മണ്ഡലങ്ങളിലായിരുന്നു തെരഞ്ഞെടുപ്പ്.

അതേസമയം ഹരിയാനയിലെ തെരഞ്ഞെടുപ്പ് നടന്ന 90 മണ്ഡലങ്ങളില്‍ 7 സീറ്റില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി വിജയിച്ചു. 36 സീറ്റില്‍ ലീഡ് ചെയ്യുന്നു. 2 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് 10 സീറ്റില്‍ ലീഡ് ചെയ്യുന്നു. ഒരു സീറ്റില്‍ വിജയിച്ച ഐഎന്‍‌എല്‍ഡി 22 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു.

മഹാരാഷ്ട്ര, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്കു വന്‍നേട്ടമാണ് കരസ്ഥമാക്കിയത്. ഹരിയാനയില്‍ ലീഡ് നിലയില്‍ ബിജെപി കേവല ഭൂരിപക്ഷം നേടി.
മുന്നണികള്‍ വിട്ട് കക്ഷികള്‍ ഒറ്റയ്ക്കു മല്‍സരിച്ച മഹാരാഷ്ട്രയിലും ബിജെപി ശക്തി തെളിയിച്ചു.

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണുണ്ടായതെന്നു ബിജെപി നേതൃത്വം പ്രതികരിച്ചു. ശിവസേനയെ ബിജെപി രാഷ്ട്രീയ വിരോധിയായി കാണുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നാഗ്പൂര്‍ സൌത്ത് വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ശിവസേന ഉന്നയിച്ച ആക്ഷേപങ്ങളിലാണ് ബിജെപിക്ക് അമര്‍ഷമുള്ളത്. മഹാരാഷ്ട്രയിലെ ജനവിധിയില്‍ സന്തോഷമുണ്ട്. ആരെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തില്‍ ബിജെപി നിയമസഭാ കക്ഷി യോഗം തീരുമാനമെടുക്കുമെന്നും അദ്ദേഹം നാഗ്പൂരില്‍ പറഞ്ഞു.

അതേസമയം മഹാരാഷ്‌ട്രയില്‍ പുതിയ സഖ്യ സാധ്യതകള്‍ തേടി പാര്‍ട്ടികള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങി. നിലവിലെ സാഹചര്യത്തില്‍ ശിവസേനയുടെയോ എന്‍സിപിയുടെയോ പിന്തുണയില്ലാതെ ബിജെപിക്ക്‌ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കില്ല.

ഹരിയാനയില്‍ ലീഡ് നില പ്രകാരം ബിജെപിക്ക്
കേവല ഭൂരിപക്ഷമായി. ഇവിടെ രണ്ടാംസ്ഥാനത്ത് ഐഎന്‍എല്‍ഡിയാണ്. കനത്ത തിരിച്ചടിയാണ് ഹരിയാനയില്‍ കോണ്‍ഗ്രസിനു നേരിടേണ്ടി വന്നത്. രണ്ടുസംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :