ന്യൂഡല്‍ഹി|
Last Modified ഞായര്‍, 19 ഒക്‌ടോബര്‍ 2014 (10:58 IST)
കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് പ്രിയങ്കാ ഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രിയങ്കയെ കൊണ്ടു വരൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ തന്നെ പ്രിയങ്കാ ഗാന്ധി നേതൃനിരയിലേക്ക് വരണമെന്ന് മുറവിളി ഉയര്‍ന്നിരുന്നു. എന്നാല്‍ നേതൃത്വത്തിലേക്ക് ഇല്ലെന്ന് പ്രിയങ്ക തന്നെ വ്യക്തമാക്കിയതോടെ ആവശ്യം കെട്ടടങ്ങി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്ന് പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ക്കെങ്കിലും അഭിപ്രായപ്പെട്ടിരുന്നു.
പത്ത് വര്‍ഷം ഭരണത്തില്‍ ഇരുന്ന ഹരിയാനയിലും എന്‍സിപിയുമായി സഖ്യം പിരിഞ്ഞ മഹാരാഷ്ട്രയിലും കനത്ത തിരിച്ചടി നേരിട്ടതോടെ പ്രിയങ്ക നേതൃനിരയിലേക്ക് വരണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇരുസംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.