ജനങ്ങള്‍ക്കായി മോഡിയുടെ പുതിയ 'ആപ്പ് ' വന്നു

ന്യൂഡല്‍ഹി| VISHNU N L| Last Updated: ബുധന്‍, 17 ജൂണ്‍ 2015 (18:33 IST)
ജനങ്ങളുമായി സംവദിക്കാന്‍ സാങ്കേതിക വിദ്യയുടെ സഹായം കൂടുതലായി ആശ്രയിക്കുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ഗൂഗിള്‍ പ്ലസ് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ കൂടുതല്‍ ആളുകളുമായി ആശയ വിനിമയം നടത്തുന്നതും നവമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്നതുമായ നേതാക്കളിലൊരാളാണ് മോഡി. ഇപ്പോഴിതാ ജനങ്ങളുമായി കൂടുതല്‍ അടുക്കുന്നതിനായി സ്വന്തമായി ആപ്ലിക്കേഷനും മോഡി പുറത്തിറക്കി.

'നരേന്ദ്ര മോഡി മൊബൈല്‍ ആപ്പ്‌' എന്നാണ്‌ ആപ്ലിക്കേഷന്റെ പേര്‌. ആപ്ലിക്കേഷന്‍ പുറത്തിറക്കിയ വാര്‍ത്ത മോഡി തന്നെയാണ്‌ ട്വിറ്ററിലൂടെ ജനങ്ങളുമായി പങ്കുവെച്ചത്‌. ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റാള്‍ ചെയ്യുന്നവര്‍ക്ക്‌ ഇനി പ്രധാനമന്ത്രിയില്‍നിന്നും നേരിട്ട്‌ ഇമെയിലുകളും മറ്റ്‌ സന്ദേശങ്ങളും ലഭിക്കും.
ഇനി മൊബൈലിലൂടെ ബന്ധം തുടരാമെന്നും പ്ലേ സ്‌റ്റേറില്‍നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ കഴിയുമെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു. വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായങ്ങളും അദ്ദേഹം ആരാഞ്ഞിട്ടുണ്ട്‌.

പ്രധാനമന്ത്രിയില്‍നിന്നും നേരിട്ട്‌ സന്ദേശങ്ങള്‍ സ്വീകരിക്കുക. പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തുകയും പുതിയ ആശയങ്ങള്‍ പങ്കുവയ്‌ക്കുക. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മനസിലാക്കുക. മോഡിയേയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും കൂടുതലായി മനസിലാക്കാന്‍ അവസരം ലഭിക്കുക തുടങ്ങിയവയാണ്‌ ആപ്ലിക്കേഷന്‍ വാഗ്‌ദാനം ചെയ്യുന്നത്‌.

നേരത്തെ മന്‍ കീ ബാത് എന്ന പേരില്‍ റേഡിയോവില്‍ കൂടിഒ ജനങ്ങളുമായി സംവദിക്കാന്‍ മോഡി ആരംഭിച്ചിരുന്നു. ഇത് ഉത്തരേന്ത്യയിലെ സാധാരണക്കാര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. അതേപോലെ നഗര ജീവിതത്തില്‍ ഉള്ള ചെറുപ്പക്കാരും ടെക്കികളുമായവരെ ലക്ഷ്യമിട്ടാണ് മോഡിയുടെ പുതിയ മൊബൈല്‍ ആപ്പ്ലിക്കേഷന്‍. ഇതും ജനങ്ങള്‍ക്കിടയില്‍ തരംഗമാകുമെന്നാണ് മോഡിയുടെ പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :