ന്യൂഡൽഹി|
VISHNU N L|
Last Modified ചൊവ്വ, 23 ജൂണ്‍ 2015 (09:43 IST)
മനുഷ്യരിലെ മരുന്നു പരീക്ഷണത്തിന് അനുമതിക്കുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കണമെന്ന്
കേന്ദ്ര ഔഷധ മന്ത്രാലയത്തിനു കീഴിലുള്ള കര്‍മസമിതിയുടെ ശുപാര്‍ശ. മരുന്നു നിര്‍മാണ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനും പരിഹാരം നിര്‍ദേശിക്കാനും നിയോഗിച്ച കേന്ദ്ര ഔഷധ വകുപ്പ് സെക്രട്ടറി വി.കെ. സുബ്ബരാജിന്‍റെ അധ്യക്ഷതയിലുള്ള കര്‍മസമിതിയാണ് കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്.
വിദഗ്ധ സമിതി, സാങ്കേതിക സമിതി, ഉന്നതാധികാര സമിതി എന്നിങ്ങനെ മൂന്നു സമിതികളുടെ പരിഗണനയ്ക്കു ശേഷമാണ് മരുന്നു പരീക്ഷണത്തിന് അനുമതി ലഭിക്കുന്നത്. ഇതിനു പകരം ലളിതമായും സമയബന്ധിതമായും മനുഷ്യരിലെ മരുന്നു പരീക്ഷണത്തിന് അനുമതി ലഭിക്കുന്ന വിധത്തിലുള്ള സംവിധാനം കൊണ്ടുവരണമെന്നാണ് സമിതിയുടെ ശുപാര്‍ശ.
മരുന്നു പരീക്ഷണത്തിന്‍റെ വിശദാംശങ്ങള്‍ ഓണ്‍ലൈനായി പരസ്യപ്പെടുത്തണമെന്നും, ചെറുകിട മരുന്നു നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും മരുന്നു നിര്‍മാതാക്കള്‍ക്ക് പരിസ്ഥിതി അനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കണമെന്നും സമിതിയുടെ ശുപാര്‍ശയിലുണ്ട്. വിവിധ പദ്ധതികള്‍ ഏകോപിപ്പിക്കാന്‍ ഔഷധ വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി ഉന്നതതല സമിതി രൂപവല്‍ക്കരിക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍മസമിതിയുടെ ശുപാര്‍ശകള്‍ നൂറുദിവസത്തിനകം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ പറഞ്ഞു.